കണക്ക് തീര്‍ത്ത് സൈന്യം; പുല്‍വാമ ഭീകരാക്രമണത്തില്‍ സൂത്രധാരനായ ഭീകരനെ വധിച്ചു

By Web TeamFirst Published Mar 11, 2019, 10:53 AM IST
Highlights

പുല്‍വാമ ആക്രമണത്തില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ചയാളെ സൈന്യം വധിച്ചു.ജെയ്ഷെ ഭീകരൻ മുദസർ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനായി വാഹനവും സ്ഫോടകവസ്തുക്കളും എത്തിച്ചത് മുദസിർ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ത്രാൽ പ്രദേശത്ത് സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്.

ദില്ലി: പുല്‍വാമ ആക്രമണത്തില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ചയാളെ സൈന്യം വധിച്ചു.ജെയ്ഷെ ഭീകരൻ മുദസർ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനായി വാഹനവും സ്ഫോടകവസ്തുക്കളും എത്തിച്ചത് മുദസിർ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ത്രാൽ പ്രദേശത്ത് സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. ഇതില്‍ മുദസിര്‍ ഖാനുമുണ്ട്. സ്ഫോടനത്തിനായി കാർ വിലക്കെടുത്ത ജെയ്ഷെ ഭീകരൻ സജാദ് ഭട്ടും കൊല്ലപ്പെട്ടവരിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചിട്ടില്ല.

പുൽവാമ ആക്രമണത്തിലെ സുത്രധാരനാണ് മുദസിര്‍.  പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ബുദ്ധികേന്ദ്രം ഇയാളാണെന്നായിരുന്നു കണ്ടെത്തിയത്. ഇതുവരെ അധികം അറിയപ്പെടാത്ത ജെയ്ഷെ- -മുഹമ്മദ് കമാന്‍ഡര്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ ആണ് ആക്രമണത്തിന്‍റെ ബുദ്ധികേന്ദ്രം എന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്..

മുഹമ്മദ് ഭായി എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇയാള്‍ക്ക് 23 വയസ് മാത്രമേ ഉള്ളുവെന്നാണ് റിപ്പോര്‍ട്ട്. ത്രാളിലെ മിര്‍ മൊഹാലയിലെ താമസക്കാരനായ മുദാസിര്‍ 2017 മുതല്‍ ജെയ്‌ഷെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ ജെയ്‌ഷെയുടെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് മുദാസിര്‍ ഖാനെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത്. 

2017 ഡിസംബറില്‍ കശ്മീരില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ താന്ത്രി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം 2018 ജനുവരി 14ന് വീടുവിട്ട മുദസിര്‍ ജെയ്‌ഷെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി.  സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയ ചാവേര്‍ ആദില്‍ അഹമ്മദ് ദര്‍ മുദാസിറുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ബിരുദധാരിയായ മുദസിര്‍ ഐടിഐയില്‍ നിന്ന് ഇലക്ട്രീഷ്യന്‍ കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

 2018 ജനുവരിയില്‍ ലെത്‌പോരയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിലും അതേ വര്‍ഷം ഫെബ്രുവരിയില്‍ സുജ്‌വാനിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

click me!