
മുംബൈ: ജയ്പൂര്‍- മുംബൈ എക്സ്പ്രസ് കൂട്ടക്കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നടന്നത് മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ചുള്ള കൊലയാണെന്ന് കുറ്റപത്രത്തിൽ പൊലീസ് സൂചിപ്പിക്കുന്നു. കേസിലെ പ്രതിയായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ ചേതൻ സിംഗിന് മാനസിക പ്രശ്നങ്ങളില്ലെന്നും കൊലയ്ക്ക് ശേഷം പ്രതി മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്നും കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. ജൂലൈ 31, തിങ്കളാഴ്ച രാവിലെ മുംബൈയിലെ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് ട്രെയിന്‍ എത്തിയ സമയത്തായിരുന്നു കൂട്ടക്കൊല നടന്നത്. 1200 പേജുള്ള കുറ്റപത്രമാണ് കേസിൽ പൊലീസ് സമർപ്പിച്ചത്. 2017ൽ മുസ്ലീം വിഭാഗത്തിൽ നിന്നുള്ളയാളെ അകാരണമായി ആക്രമിച്ചതിന് ചേതൻ സിംഗിനെതിരെ വകുപ്പു തല നടപടി ഉണ്ടായിട്ടുണ്ടെന്നതും കേസിന് ബലമായി.
കേസിലെ പ്രതിയായ ചേതൻ സിംഗ് തന്റെ സഹപ്രവർത്തകനായ ടിക്കാറാം മീണയെയാണ് ആദ്യം കൊലപ്പെടുത്തിയത്. ജോലി പാതി വഴിയിൽ അവസാനിപ്പിക്കാൻ സഹപ്രവർത്തകനായ ടിക്കാറാം മീണ അനുവദിക്കാത്തതാണ് ആദ്യ കൊലപാതകത്തിന് കാരണമെങ്കിൽ പിന്നീട് നടത്തിയ മൂന്ന് കൊലപാതകവും കടുത്ത മുസ്ലീം വിരോധത്തിൽ ചെയ്തതാണെന്ന് സാക്ഷിമൊഴികളടക്കം നിരത്തി കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. കോച്ചുകളിൽ മാറി മാറി നടന്ന പ്രതി മുസ്ലീം വിഭാഗക്കാരെ തെരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു ചെയ്തത്. കൊലപാതക ശേഷം മുസ്ലീം വിരുദ്ധ ഭീഷണി പ്രസംഗം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും കുറ്റപത്രത്തോടൊപ്പം പൊലീസ് സമർപ്പിച്ചിട്ടുണ്ട്. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന കുടുംബത്തിന്റെ വാദവും റെയിവേയുടെ വാദവും കുറ്റപത്രത്തിലൂടെ പൊലീസ് തള്ളുന്നു.
പ്രതി തോക്കിൻ മുനയിൽ തന്നെക്കൊണ്ട് 'ജയ് മാതാ ദീ' എന്ന് വിളിപ്പിച്ചതായുള്ള കേസിലെ സാക്ഷിയായ മുസ്ലീം സ്ത്രീയുടെ മൊഴിയും കേസിൽ നിർണ്ണായമായി. അതേസമയം കൊലപാതകത്തിന് ശേഷം ചേതന്‍ നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും പ്രകീർത്തിച്ച് സംസാരിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam