'ആത്മഹത്യ ചെയ്ത പ്രൊഫസർ വിസി പദവി കിട്ടാൻ ലോണെടുത്ത് കൈക്കൂലി നൽകിയത് 2.5 കോടി'; അന്വേഷണം വേണമെന്ന് കോൺഗ്രസ്

By Web TeamFirst Published Nov 9, 2020, 5:48 PM IST
Highlights

ഇല്ലാത്ത പണം ലോണെടുത്ത് സംഘടിപ്പിച്ചു നൽകി, അഞ്ചുമാസം കഴിഞ്ഞു പട്ടിക പുറത്തുവന്നപ്പോൾ അതിൽ തന്റെ പേര് ഇല്ല എന്നറിഞ്ഞ നിമിഷം തൊട്ട് പ്രൊഫസർ അസ്വസ്ഥനായിരുന്നു   

ബെംഗളൂരു: കർണാടകത്തിൽ നടന്ന നാൾ സർവകലാശാലാ വിസി നിയമനങ്ങളിൽ നടന്നത് കോടികളുടെ അഴിമതി എന്നും, വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കർണാടക പിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ രംഗത്ത്. ഈ വിസി പദവിക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരുന്ന റിട്ട. പ്രൊഫസർ എൻ എസ് അശോക് കുമാറിന്റെ ആത്മഹത്യയിൽ ജുഡീഷ്യൽ അന്വേഷണം വേണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. 

64 -കാരനായ ഈ റിട്ട. പ്രൊഫസർ, രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയിലെ രജിസ്ട്രാർ പദവിയിൽ ഇരിക്കെയാണ് വിരമിക്കുന്നത്. അദ്ദേഹത്തെ കഴിഞ്ഞ ദിവസം ബിറ്റിഎം ലേ ഔട്ടിലെ സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തപ്പെട്ടത്. ഇദ്ദേഹം വിസി പദവി കിട്ടും എന്ന പ്രതീക്ഷയിൽ രണ്ടരക്കോടി രൂപയോളം കൈക്കൂലി നൽകി കാത്തിരിക്കുകയായിരുന്നു എന്നും, ഇല്ലാത്ത പണം ലോണെടുത്ത് സംഘടിപ്പിച്ചു നൽകി, അഞ്ചുമാസം കഴിഞ്ഞു പട്ടിക പുറത്തുവന്നപ്പോൾ അതിൽ തന്റെ പേര് ഇല്ല എന്നറിഞ്ഞ നിമിഷം തൊട്ട് പ്രൊഫസർ അസ്വസ്ഥനായിരുന്നു എന്നും ഡികെ ശിവകുമാർ ദ വീക്കിനോട് പറഞ്ഞു.

നേരത്തെ കൈക്കൂലിപ്പണം കൈമാറിയ ഏജന്റിനെ ബന്ധപ്പെട്ടപ്പോൾ ഫയലിൽ എന്തോ കുഴപ്പം ഉണ്ടായതാണ് എന്നും, പണം സാവകാശമേ തിരിച്ചു നൽകാൻ സാധിക്കൂ എന്നും ആ ഏജൻറ് അറിയിച്ചതോടെ പ്രൊഫസർക്ക് താൻ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലാവുകയും അദ്ദേഹം അതുകാരണമുണ്ടായ മനോവിഷമത്തിൽ ജീവനൊടുക്കുകയുമാണ് ഉണ്ടായത് എന്ന്  സംശയിക്കുന്നതായി ഡികെ ആരോപിച്ചു. 

കോടികളുടെ ഈ നിയമന കുംഭകോണത്തിൽ വലിയ പല പേരുകളും പുറത്തുവരാനുണ്ട് എന്നും, ഓഫീസർമാരാണോ, ദല്ലാൾമാരാണോ, അതോ ഇനി മന്ത്രി നേരിട്ടാണോ പണം വാങ്ങിയത് എന്നുമാത്രമേ അന്വേഷിച്ചുറപ്പിക്കാനുള്ളൂ എന്നും ഡികെ ആക്ഷേപിച്ചു. ആത്മഹത്യാക്കുറിപ്പിൽ ഈ വിവരങ്ങൾ ഒന്നുമില്ലെങ്കിലും, ഡോക്ടറുടെ ബന്ധുക്കളും സ്നേഹിതരും വഴി തങ്ങൾ ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണുണ്ടായത് എന്നും ഡികെ ശിവകുമാർ അറിയിച്ചു. 

കഴിഞ്ഞ ശനിയാഴ്ചയാണ് നാല് വിസിമാരുടെ പേരടങ്ങിയ പട്ടിക പുറത്തുവന്നത്. ഡോ. എൽ ഗോമതി ദേവി, ഡോ. ഹരീഷ് രാമസ്വാമി, പ്രൊഫ. പുട്ടരാജു, പ്രൊഫസർ ശ്രീനിവാസ് ബെല്ലി എന്നിവരാണ് ഇപ്പോഴത്തെ പട്ടികയിൽ ഇടം പിടിച്ച വിസിമാർ. 

click me!