1956-ല്‍ മഹാബലിപുരത്തെത്തിയ ചൈനീസ് ഭരണാധികാരി; 63 വര്‍ഷം മുമ്പത്തെ വിശേഷങ്ങളില്‍ 'കരിക്കും'

By Web TeamFirst Published Oct 12, 2019, 9:04 PM IST
Highlights

പ്രസിദ്ധമായ ഷോര്‍ ടെമ്പിളിന് മുമ്പിലെത്തിയ ചു എന്‍ ലായ് ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം കണ്ട് ആശ്ചര്യത്തോടെ നിന്നിരുന്നു.

ചെന്നൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് വേദിയായ മഹാബലിപുരമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രം. ഷി ജിന്‍പിങിനെ സ്വീകരിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് മഹാബലിപുരത്ത് ഒരുക്കിയത്. എന്നാല്‍ ഇതാദ്യമായല്ല ഒരു ചൈനീസ് ഭരണാധികാരി മഹാബലിപുരം സന്ദര്‍ശിക്കുന്നത്. ചൈനീസ് ഭരണാധികാരി ആദ്യമായി മഹാബലിപുരം സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മയ്ക്ക് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്.

63 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1956 ഡിസംബര്‍ ആറിനാണ് ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ചു എൻ ലായിയും വൈസ് പ്രസിഡന്‍റ് ഹൊ ലങും മഹാബലിപുരത്ത് എത്തിയത്. ചു എൻ ലായിയെ അന്ന് സ്വീകരിച്ചത് ചൈനയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ആര്‍ കെ നെഹ്‍റുവായിരുന്നു. രണ്ട് മണിക്കൂറാണ് എന്‍ ലായ് മഹാബലിപുരത്ത് ചെലവഴിച്ചത്. മനോഹരമായ കൊത്തുപണികള്‍ക്ക് പേരുകേട്ട പ്രദേശം എന്‍ ലായിയെ അത്ഭുതപ്പെടുത്തി. കൊത്തുപണികള്‍ വളരെയധികം ഇഷ്ടപ്പെട്ട അദ്ദേഹം ഷോര്‍ ക്ഷേത്രത്തിന് മുമ്പിലെത്തിയപ്പോള്‍ അതിന്‍റെ നിര്‍മ്മിതി കണ്ട് ആശ്ചര്യത്തോടെ നിന്നതായും അന്നത്തെ ഹിന്ദു ദിനപ്പത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ശില്‍പങ്ങളെക്കുറിച്ച് കൗതുകത്തോടെ അന്വേഷിച്ച അദ്ദേഹത്തിന് നിര്‍മ്മാണത്തിലിരിക്കുന്ന ചില ശില്‍പങ്ങളും പുരാതന കയ്യെഴുത്ത് പ്രതികളും കാണിച്ചുകൊടുത്തു. രണ്ട് ഗ്ലാസ് കരിക്കിന്‍ വെള്ളവും കൂടി കുടിച്ച് സന്തോഷം പങ്കിട്ട ശേഷമാണ് ചു എന്‍ ലായി അന്ന് മഹാബലിപുരത്ത് നിന്ന് മടങ്ങിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ചൈനീസ് ഭരണാധികാരിയെ കൂടി വിസ്മയിപ്പിച്ചിരിക്കുകയാണ് മഹാബലിപുരം. 

click me!