
ദില്ലി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാകും ഇന്ന് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും. കഴിഞ്ഞദിവസത്തെ വാദത്തിനിടെ ലക്ഷകണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു.
ശബരിമലക്കേസിൽ അഞ്ചാം ദിവസത്തെ വാദമാണ് ഇന്ന് നടക്കുന്നത്. മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ എന്നിവരാണ് ഇന്ന് പ്രധാനമായി വാദം ഉന്നയിക്കാൻ പോകുന്നത്. കേസിലെ കക്ഷിയായ ബോറ സമുദായത്തിനായിട്ടാണ് ഗോപാൽ സുബ്രഹ്മണ്യം വാദങ്ങൾ നിരത്താൻ പോകുന്നത്. ഇരുവരുടെയും വാദങ്ങൾ പൂർത്തിയാൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയ്ജീപ് ഗുപ്ത ഇന്ന് വാദിച്ചേക്കും. സംസ്ഥാനസർക്കാരിനെ സംബന്ധിച്ചിടത്തോളം യുവതികൾ ശബരിമലയിൽ പ്രവേശിക്കണോ വേണമോ എന്നതിൽ കൃത്യമായ നിലപാട് പറഞ്ഞിട്ടില്ല. യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി വാദിക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് സംസ്ഥാനസർക്കാർ മുന്നോട്ടുവെച്ചത്. യുവതിപ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു ഒപ്പം സുപ്രീംകോടതി വിധിയിൽ ഭക്തരായ സ്ത്രീകൾ തന്നെ എതിർപ്പുയർത്തിയെന്ന സൂചനയും സർക്കാർ സത്യവാങ്മൂലത്തിൽ നൽകിയിരുന്നു.
കഴിഞ്ഞദിവസം ദേവസ്വം ബോർഡിന്റ വാദം കേസിൽ പൂർത്തിയായിരുന്നു. അയ്യപ്പക്ഷേത്രങ്ങളിൽ യുവതിപ്രവേശനത്തിന് വിലക്കുള്ള ഒരെയൊരു ക്ഷേത്രം ശബരിമലയാണ്. അതിന് കാരണം അവിടുത്തെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി എന്ന സങ്കൽപമുള്ളതിനാലാണ്. വ്രതം എടുത്ത് ആർക്കും ശബരിമലയിൽ പോകാം. 10 വയസ് മുതൽ 50 വരെയുള്ളവർക്ക് മാത്രമാണ് വിലക്ക്. ഇത് ലിംഗവിവേചനമല്ലെന്ന് ദേവസ്വം ബോർഡിനായി സിംഗ്വി വാദിച്ചിരുന്നു. കഴിഞ്ഞദിവസത്തെ വാദത്തിനിടെ ലക്ഷകണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ നീരീക്ഷിച്ചു. അവിശ്വാസികളുടെ ഹർജിയിലാണ് ശബരിമല യുവതിപ്രവേശവിധിയെന്ന് ജസ്റ്റിസ് നാഗരത്ന വീണ്ടും വിമർശിച്ചു. സാമൂഹിക പരിഷ്ക്കരണം എന്ന പേരിൽ മതത്തിന്റെ അന്തസത്തെ ഇല്ലാതെയാക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam