ദില്ലി വായു മലിനീകരണം തടയാൻ കനത്ത പിഴയുമായി സുപ്രീംകോടതി: കർഷകർക്ക് രൂക്ഷ വിമർശനം

By Web TeamFirst Published Nov 4, 2019, 5:43 PM IST
Highlights

കെട്ടിട നിർമാണത്തിന് ഒരു ലക്ഷം രൂപ പിഴ. സ്വന്തം ജീവിതത്തിന് വേണ്ടി മറ്റുള്ളവരെ കൊല്ലാൻ കർഷകരെ അനുവദിക്കില്ലെന്ന് കോടതി. ഓഡ്-ഈവൻ പദ്ധതി കൊണ്ട് എന്ത് കാര്യമെന്ന് വിമർശനം.

ദില്ലി: വായു മലിനീകരണം അതിരൂക്ഷമായ ദില്ലിയിൽ അടിയന്തര പരിഹാരത്തിനായി സുപീംകോടതി ഇടപെടൽ. കനത്ത പിഴ ഈടാക്കി മലിനീകരണം കുറയ്ക്കാനാണ് ശ്രമം. രാജ്യതലസ്ഥാനത്ത് മാലിന്യം കത്തിക്കുന്നവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കും. പുതിയതായി കെട്ടിട നിർമ്മാണം തുടങ്ങുന്നവരിൽ നിന്ന് ഒരു ലക്ഷം രൂപയും ഈടാക്കും. നിശ്ചിത കാലയളവിലേക്ക് ആകും കനത്ത പിഴ ഉണ്ടാകുക. എന്നാൽ ഇത് എന്ന് വരെയെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. 

Read Also: ദില്ലിയിലെ അന്തരീക്ഷത്തില്‍ സംഭവിക്കുന്നതെന്ത്? വിദഗ്ദ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും; ഒറ്റ ഇരട്ടനമ്പര്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

'കൃഷിക്കാരന്റെ ആവശ്യത്തിന് വേണ്ടി മറ്റുള്ളവരെ കൊല്ലാനാകില്ല'

മലിനീകരണ തോത് രൂക്ഷമായത് ദില്ലിയുടെ അയൽ സംസ്ഥാനങ്ങളിലെ വയലുകളിൽ വൈക്കോൽ കത്തിക്കുന്നതിനാലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കർഷകർക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. വൈക്കോൽ കത്തിക്കൽ കർഷകന്റെ അവകാശമല്ലെന്നായിരുന്നു കോടതി വിമർശനം. സ്വന്തം ജീവിതത്തിന് വേണ്ടി മറ്റുള്ളവരെ കൊല്ലാൻ കർഷകരെ അനുവദിക്കില്ല. ഒരു ദയയും കർഷകർ പ്രതീക്ഷിക്കേണ്ടെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ഇതിന് ചീഫ് സെക്രട്ടറിമാരും കമ്മീഷണർമാരും ഉത്തരവാദികളെന്ന് വിമർശിച്ച കോടതി ബുധനാഴ്ച പഞ്ചാബ്, ഹരിയാന ചീഫ് സെക്രട്ടറിമാർ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. 

'ഓഡ്-ഈവൻ പദ്ധതി കൊണ്ട് എന്ത് കാര്യം?'

വായു മലിനീകരണം നിയന്ത്രിക്കാന്‍ ദില്ലിയിൽ ഏർപ്പെടുത്തിയ ഒറ്റ-ഇരട്ട നമ്പർ പദ്ധതിയെ കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചു. ദില്ലി സർക്കാരിന്റെ ഓഡ് ഈവൻ പദ്ധതിയെ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്നായിരുന്നു കോടതി ചോദ്യം. ദില്ലിയിൽ മലിനീകരണം ഉണ്ടാക്കുന്ന അയ്യായിരത്തിലധികം കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസ് പരിഗണിച്ച കോടതി വിഷയത്തിൽ അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ  പ്രത്യാഘാതം വലുതായിരിക്കുമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Read Also: 'ഒരു ന്യായവും കേൾക്കേണ്ട': ദില്ലിയിലെ വായു മലിനീകരണത്തിൽ സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

click me!