'ഇലക്ടറൽ ബോണ്ട് പിൻവലിച്ചതിൽ എല്ലാവരും ഖേദിക്കേണ്ടി വരും'; പ്രധാനമന്ത്രി നരേന്ദ്ര മോദി

Published : Apr 15, 2024, 04:22 PM ISTUpdated : Apr 15, 2024, 05:06 PM IST
'ഇലക്ടറൽ ബോണ്ട് പിൻവലിച്ചതിൽ എല്ലാവരും ഖേദിക്കേണ്ടി വരും'; പ്രധാനമന്ത്രി നരേന്ദ്ര മോദി

Synopsis

ഇലക്ടറൽ ബോണ്ട് നടപടികൾ സുതാര്യമാണ്. പണം എവിടെ നിന്ന് വന്നു, ആര് നൽകി എന്നതടക്കം സുതാര്യമായി വിവരങ്ങൾ അറിയാൻ കഴിഞ്ഞെന്നും വാർത്ത ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 

ദില്ലി: ഇലക്ടറൽ ബോണ്ട് പിൻവലിച്ചതിൽ എല്ലാവരും ഖേദിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്ടറൽ ബോണ്ട് നടപടികൾ സുതാര്യമാണ്. പണം എവിടെ നിന്ന് വന്നു, ആര് നൽകി എന്നതടക്കം സുതാര്യമായി വിവരങ്ങൾ അറിയാൻ കഴിഞ്ഞെന്നും വാർത്ത ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 

അതിനിടെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി തിരുവനന്തപുരം കാട്ടാക്കടയിലെത്തി. മലയാളത്തിൽ സ്വാ​ഗതം പറഞ്ഞ് പ്രസം​ഗം ആരംഭിച്ച പ്രധാനമന്ത്രി പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നത് സന്തോഷമാണെന്ന് പറഞ്ഞു. മോദിയുടെ ​ഗ്യാരണ്ടി എന്ന് ആവർത്തിച്ച്, ശ്രീനാരായണ ​ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസം​ഗം. ബിജെപിയുടെ പ്രകടന പത്രിക എന്നാൽ മോദിയുടെ ​ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തിൽ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു. 

അഞ്ചു വർഷത്തിൽ ഭാരതത്തെ മൂന്നാം സാമ്പത്തിക ശക്തി ആക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സദസ്സിൽ കുഞ്ഞുങ്ങളെ കണ്ടതിൽ സന്തോഷം. അവർക്ക് നമസ്ക്കാരം. കേരളത്തിൽ വലിയ വികസന പദ്ധതികൾ കൊണ്ട് വരും. വിനോദ സഞ്ചാര രംഗത്തു പുത്തൻ വികസന പദ്ധതികൾ വരും. കൂടുതൽ ഹോം സ്റ്റേകൾ തുടങ്ങുകയും തീര വികസനത്തിന്‌ മുൻഗണന നൽകുകയും ചെയ്യും. അതുപോലെ തന്നെ മത്സ്യസമ്പത്ത് കൂട്ടാൻ പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിൻ വരുമെന്നും സർവെ നടപടി പുതിയ സർക്കാർ തുടങ്ങുമെന്നും മോദി കൂട്ടിച്ചേർത്തു.

കോൺ​​ഗ്രസിനും സിപിഎമ്മിനും എതിരെ പ്രധാനമന്ത്രി പ്രസം​ഗത്തിനിടെ രൂക്ഷ വിമർശനമുന്നയിച്ചു. ഇവിടെ വലിയ ശത്രുക്കളായവർ ദില്ലിയിൽ സുഹൃത്തുക്കളാണ്. ഇടത് വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴി‍ഞ്ഞു. വർക്കല നെടുമങ്ങാട് പോലുള്ള സ്ഥലങ്ങളിൽ പോലും മയക്കുമരുന്ന് സംഘം ശക്തമാണ്. ഇതിന്റെ ക്രെഡിറ്റ് ആർക്കാണെന്നും മോദി ചോദിച്ചു. ഇന്ന് കേരളത്തിൽ പലയിടത്തും കുടിവെള്ളം കിട്ടാനില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു. കോൺഗ്രസിനും ഇടത് പാർട്ടികൾക്കും ഒരു വ്യത്യാസവും ഇല്ലെന്ന് പറഞ്ഞ മോദി രണ്ട് പേരും അഴിമതിക്കാരാണെന്നും അഴിമതി നടത്താൻ മത്സരിക്കുന്നവരാണെന്നും രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. രണ്ടു പേരും വികസന വിരോധികളെന്നും പ്രധാനമന്ത്രി വിമർശിച്ചു. 

സ്വർണ്ണക്കടത്തും കരുവന്നൂർ ബാങ്ക് തട്ടിപ്പും മാസപ്പടിയും പ്രധാനമന്ത്രി പ്രസം​ഗത്തിനിടെ പരാമർശിച്ചു. സ്വർണ്ണക്കടത്തിൽ പ്രതികളെ രക്ഷിക്കാൻ സർക്കാൻ സംവിധാനം പൂർണ്ണമായും ഉപയോഗിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സഹകരണ ബാങ്ക് അഴിമതികളെക്കുറിച്ചും എടുത്ത് പറഞ്ഞു. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങൾ പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുന്നു. ഒരു ലക്ഷം കോടിയുടെ കൊള്ള നടക്കുന്നു. അഴിമതി നടത്തിയ എല്ലാവരെയും തുറുങ്കിൽ അടക്കുമെന്നും അഴിമതി നടത്തിയ പണം തിരികെ പാവങ്ങൾക്ക് എത്തിക്കുമെന്നും മോദി ഉറപ്പ് നൽകി. 

ശമ്പളം കൊടുക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനമാണ്. എന്നാൽ കേന്ദ്രമാണെന്ന് കള്ളം പറയുന്നു. സുപ്രീം കോടതിയിൽ പോയ സംസ്ഥാനത്തിന് തിരിച്ചടി കിട്ടി. കൊള്ള കാരണമാണ് സാമ്പത്തിക പ്രതിസന്ധിയെന്നും മോദി കുറ്റപ്പെടുത്തി. അഴിമതിക്കാർ മോദിയെ തടയാൻ ശ്രമിക്കുന്നു. എന്നാൽ മോദി ഇവരെ പേടിക്കില്ല. സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് പണം തിരിച്ചു നൽകുമെന്ന് മുഖ്യമന്ത്രി കള്ളം പറയുന്നു എന്നും മോദി ചൂണ്ടിക്കാട്ടി. ബിജെപി ക്ക് ചെയ്യുന്ന ഓരോ വോട്ടും അഴിമതിക്ക് എതിരെയുള്ളതാണെന്നും കേരളത്തിലെ ഓരോ വീടുകളിലും സന്ദേശം എത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.  മാസപ്പടി അന്വേഷണത്തിനു തടയിടാൻ സംസ്ഥാന സർക്കാൻ ശ്രമിക്കുന്നു എന്നും മോദി കൂട്ടിച്ചേർത്തു. 

വീട്ടില്‍ സൂക്ഷിച്ചത് ഒരു ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ കോടയും; യുവാവ് പിടിയില്‍

https://www.youtube.com/watch?v=Ko18SgceYX8


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർഷകർക്കായി കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു; കണ്ടെടുത്തത് 180 ടൺ യൂറിയ, സംഭവം കർണാടകയിൽ
ബിജെപി കാത്തിരുന്ന് നേടിയ വൻ വിജയം, 94 ദിവസത്തിന് ശേഷം ചെയർമാനെ തെരഞ്ഞെടുത്തു; അമുൽ ഡയറിക്ക് ഇനി പുതിയ നേതൃത്വം