
ചെന്നൈ: മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നതിനിടെ യുവാവിനെ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായി. തമിഴ്നാട് കൊടൈക്കനാലിൽ ആണ് സംഭവം. രാമനാഥപുരം പാറമക്കുടി സ്വദേശിയായ അജയ് പാണ്ഡ്യൻ എന്ന യുവാവിനെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇദ്ദേഹത്തിനായി തെരച്ചിൽ തുടരുകയാണ്.
തമിഴ്നാട്ടിലെ വിവിധ ജില്ലകളിലും കഴിഞ്ഞ ഏതാനം ദിവസങ്ങളായി വ്യാപക മഴ തുടരുകയാണ്. പുഴകളിലും വെള്ളച്ചാട്ടങ്ങളിലും നീരൊഴുക്ക് കൂടിയതിനാൽ സഞ്ചാരികൾക്ക് നിയന്ത്രണമുണ്ടെങ്കിലും പലയിടത്തും വിലക്ക് ലംഘിച്ച് ചെറുപ്പക്കാർ എത്തുന്നുണ്ട്. ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാൽ മലനിരകളിലെത്തിയ ചെറുപ്പക്കാരനാണ് അപകടത്തിൽ പെട്ടത്. മലയോരത്തെ പുല്ലാവേലി വെള്ളച്ചാട്ടത്തിന് മുകളിൽ നിന്ന് ഫോൺ ക്യാമറയിൽ വീഡിയോ പകർത്തുകയായിരുന്നു അജയ് പാണ്ഡ്യനും സുഹൃത്തുക്കളും.
പാറക്കെട്ടിലേക്ക് ഇറങ്ങുന്ന അജയ് പാണ്ഡ്യൻ തന്‍റെ വീഡിയോ പകർത്താൻ ആവശ്യപ്പെട്ടു. പെട്ടെന്ന് വഴുക്കലുള്ള പാറയിൽ കാൽവഴുതി താഴേക്ക് പതിക്കുകയായിരുന്നു. കൊടൈക്കനാൽ തണ്ടിക്കുടിയിലെ സ്വകാര്യ എസ്റ്റേറ്റ് ജീവനക്കാരനാണ് ഇരുപത്തിയാറുകാരനായ അജയ് പാണ്ഡ്യൻ. പൊലീസും വനംവകുപ്പും അഗ്നിരക്ഷാ സേനയും ഇദ്ദേഹത്തിനായി തെരച്ചിൽ തുടരുകയാണ്. എന്നാൽ ശക്തമായ മഴയും കോടയിറങ്ങിയത് കാരണം കാഴ്ച തടസ്സപ്പെടുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.
വെള്ളപ്പൊക്കം കാണാൻ സാഹസിക യാത്ര; വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട വിദ്യാർഥികളെ സാഹസികമായി രക്ഷിച്ചു
വെള്ളപ്പൊക്കം കാണാൻ വള്ളത്തിൽ സഞ്ചരിക്കവേ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളെ സാഹസികമായി രക്ഷപ്പെടുത്തി. മാന്നാർ പഞ്ചായത്ത് വിഷവർശ്ശേരിക്കര വേഴത്താർ പാടശേഖരത്ത് ഇടശ്ശേരിത്തറക്കാവിലാണ് വ്യാഴാഴ്ച ഉച്ചക്ക് അപകടം നടന്നത്. ഇരമത്തൂർ, പാവുക്കര, ചെന്നിത്തല സ്വദേശികളായ കിരൺ, സരിൻ സന്തോഷ്, അമ്പാടി, അശ്വിൻ, ഹേമന്ത് എന്നീ പ്ലസ്‌ടു വിദ്യാർഥികളാണ് വെള്ളത്തിൽ വീണത്. വെള്ളം നിറഞ്ഞ പാടശേഖരത്തിലൂടെ ചെറിയ വള്ളത്തിൽ സഞ്ചരിക്കുമ്പോൾ ശക്തമായ കാറ്റിൽ വള്ളം മറിയുകയായിരുന്നു.
മീൻപിടിക്കാൻ വല ശരിയാക്കിക്കൊണ്ടിന്ന അംബുജാക്ഷൻ, വർഗീസ്, രാജേഷ് ഭവനത്തിൽ രാജേഷ്, വികാസ് എന്നിവർ വളത്തിലെത്തി സാഹസികമായി ഇവരെ രക്ഷപ്പെടുത്തി. മാന്നാർ പൊലീസ് എസ്.ഐ ജോൺ തോമസ്, ജോസി തോമസ്, സിവിൽ പൊലീസ് ഓഫീസർ സിദ്ദീഖ് ഉൽ അക്ബർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി, വൈസ് പ്രസിഡന്റ് സുനിൽ, സെക്രട്ടറി ബിജു എന്നിവർ സ്ഥലത്തെത്തി. വിദ്യാർഥികളെ രക്ഷിച്ചവരെ പഞ്ചായത്ത് അധികൃതരും പൊലീസും അഭിനന്ദിച്ചു. വിദ്യാർത്ഥികളെ പൊലീസ് രക്ഷിതാക്കളോടൊപ്പം വിട്ടു.