സംസ്ഥാനങ്ങള്‍ വിഭജിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രം; തമിഴ്‌നാടിന്റെ കൊങ്കുനാട് ആശങ്കക്ക് വിരാമം

By Web TeamFirst Published Aug 3, 2021, 6:53 PM IST
Highlights

നേരത്തെ തമിഴ്‌നാടിന്റെ ഒരു ഭാഗം വിഭജിച്ച് കൊങ്കുനാട് എന്ന സംസ്ഥാനം രൂപീകരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് കൊങ്കുനാട്ടില്‍ നിന്നുള്ള നേതാവ് എല്‍ മുരുഗനെ ബിജെപി മന്ത്രിയാക്കിയതെന്ന ആരോപണമുയര്‍ന്നിരുന്നു.
 

ദില്ലി: തമിഴ്‌നാട്  ഉള്‍പ്പെടെ ഒരു സംസ്ഥാനവും വിഭജിക്കുന്നത് പരിഗണനയിലില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഡിഎംകെ എംപി എസ് രാമലിംഗം, ഐജെകെ പാര്‍ട്ടി എംപി ടി ആര്‍ പരിവേന്ദര്‍ എന്നിവര്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി മറുപടി നല്‍കിയത്. ഇതോടെ തമിഴ്‌നാട് വിഭജിച്ച് കൊങ്കുനാട് സംസ്ഥാനം രൂപീകരിക്കുമെന്ന ആശങ്കക്ക് വിരാമമായി.

സംസ്ഥാനങ്ങള്‍ വിഭജിക്കണമെന്ന് പലരില്‍ നിന്നും അപേക്ഷകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ സംസ്ഥാന വിഭജനം എന്നത് സങ്കീര്‍ണവും ഫെഡറല്‍ സംവിധാനത്തെ ബാധിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ എല്ലാം പരിഗണിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ തമിഴ്‌നാടിന്റെ ഒരു ഭാഗം വിഭജിച്ച് കൊങ്കുനാട് എന്ന സംസ്ഥാനം രൂപീകരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് കൊങ്കുനാട്ടില്‍ നിന്നുള്ള നേതാവ് എല്‍ മുരുഗനെ ബിജെപി മന്ത്രിയാക്കിയതെന്ന ആരോപണമുയര്‍ന്നിരുന്നു. തമിഴ്നാടിന്റെ പടിഞ്ഞാറന്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കൊങ്കുനാട് എന്നറിയപ്പെടുന്നത്. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, കരൂര്‍, നാമയ്ക്കല്‍, സേലം, ഓട്ടന്‍ഛത്രം, വേദസന്തൂര്‍, ധര്‍മപുരി പ്രദേശങ്ങളടങ്ങുന്നതാണ് കൊങ്കുനാട്. അഭ്യൂഹത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിനെതിരെ ഡിഎംകെ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും തമിഴ് സംഘടനകളും രംഗത്തെത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!