
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ്‍യുടെ ടിവികെ പുതിയൊരു ചരിത്രമെഴുതുമ്പോൾ പ്രശംസയുമായി നടനും തിരക്കഥാകൃത്തുമായ റോണി ഡേവിഡ്. 200 കോടി ശമ്പളം കൈപ്പറ്റുന്ന ആൾ ഇനി ഭരണം കൈപ്പറ്റുമ്പോൾ അഴിമതി ഉണ്ടാകില്ല എന്നാണ് റോണി ഡേവിഡ് കുറിച്ചത്. പ്രചാരണ വേളയിൽ ഡിഎംകെയെ കടന്നാക്രമിക്കുമ്പോൾ ഈ മനുഷ്യന് ഈ ധൈര്യം എങ്ങനെ വന്നു എന്ന് പല കുറി ചിന്തിച്ചിട്ടുണ്ട്. സൌത്ത് ഇന്ത്യൻ ഇൻഡസ്ടറിയുടെ സാമ്പത്തിക ശ്രോതസ്സ് ഒരു പരിധി വരെ വിജയ് സിനിമകൾ ആണ് എന്ന് പ്രതിയോഗികൾ വരെ സമ്മതിക്കുമെന്നും റോണി ഡേവിഡ് കുറിച്ചു.
എക്സിറ്റ് പോളുകളെയെല്ലാം കാറ്റിൽ പറത്തുന്ന മുന്നേറ്റമാണ് വിജയ്‌യുടെ ടിവികെ നടത്തിയത്. 234ൽ 108 സീറ്റുകളിലാണ് വിജയ്‍യുടെ ടിവികെ മുന്നേറുന്നത്. എഐഎഡിഎംകെ സഖ്യം 65 സീറ്റുകളിൽ മുന്നിട്ടു നിൽക്കുമ്പോൾ ഡിഎംകെ സഖ്യം 61 സീറ്റുകളുമായി മൂന്നാം സ്ഥാനത്താണ്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ അപ്രതീക്ഷിത പരാജയം നേരിട്ടു. ടിവി കെ സ്ഥാനാർത്ഥി വി എസ് ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. 2021 ൽ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ അടിതെറ്റി വീണത്. മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്റ്റാലിൻ നേരിടുന്ന നാലാമത്തെ തോൽവിയാണിത്.
സ്റ്റാലിന്റെ പഴയ വിശ്വസ്തനും ഡി എം കെ മുൻ എംഎൽഎയുമാണ് വി എസ് ബാബു. 2011 ൽ കൊളത്തൂരിൽ സ്റ്റാലിൻ മത്സരിക്കുമ്പോൾ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു അന്ന് ഡി എം കെ വടക്കൻ ചെന്നൈ സെക്രട്ടറിയായിരുന്ന ബാബു. എന്നാൽ സ്റ്റാലിന്റെ ഭൂരിപക്ഷം 2700 ആയി കുറഞ്ഞതോടെ ബാബുവിനെ പദവിയിൽ നിന്ന് നീക്കിയിരുന്നു. സ്റ്റാലിന്റെ അനിഷ്ടത്തെ തുടർന്ന് ഡി എം കെ വിട്ട് എ ഐ എ ഡി എംകെയിൽ ചേർന്ന ബാബു, ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ്‌യുടെ പാർട്ടിയിൽ എത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam