
ദില്ലി: ഹനുമാൻ വിഗ്രഹത്തിന്‍റെ കാല്‍ക്കല്‍ പത്ത് രൂപയുടെ നോട്ട് സമര്‍പ്പിച്ച് ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് 5,000 രൂപ കവര്‍ന്ന് മോഷ്ടാവ്. ഹരിയാനയിലുള്ള റെവാരി ജില്ലയിലെ ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം. ധരുഹേര ടൗണിലെ ക്ഷേത്രത്തിലെ കവര്‍ച്ചയുടെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഹനുമാൻ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് മോഷ്ടാവ് പോകുന്നതാണ് ആദ്യം വീഡിയോയിൽ കാണുന്നത്.
മറ്റ് ഭക്തർ വന്ന് പ്രാർത്ഥിക്കുമ്പോൾ മോഷ്ടാവ് ഇരുന്നു കൊണ്ട് ഏകദേശം 10 മിനിറ്റോളം ഹനുമാൻ ചാലിസ വായിക്കുന്നുണ്ട്. ഒരു പൂജാരിയുടെ സാന്നിധ്യത്തിൽ ഹനുമാന്‍റെ കാൽക്കൽ 10 രൂപ സമർപ്പിക്കുകയും ചെയ്യുന്നത് സിസിടിവിയിലുണ്ട്. പിന്നീട് ശ്രീകോവിലിൽ പരിസരത്ത് ആരുമില്ലാത്ത സമയത്ത് കള്ളൻ കിട്ടിയ അവസരം മുതലെടുത്ത് ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് 5000 രൂപയുമായി രക്ഷപ്പെടുന്നു. മോഷണം നടന്നതറിയാതിരുന്ന പൂജാരി അന്ന് രാത്രി ക്ഷേത്രവാതിൽ അടച്ച് വീട്ടിലേക്ക് പോവുകയും ചെയ്തു.
പിറ്റേന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാവ് ഹനുമാൻ ചാലിസ ചൊല്ലുന്നതും മോഷണം നടത്തുന്നതിന് മുമ്പ് പണം അർപ്പിക്കുന്നതുമെല്ലാം വീഡിയോയിൽ കണ്ടെത്തി. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം കേരളത്തിലും സമാനമായ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
അന്ന് അരൂർ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തില്‍ തൊഴുത് വണങ്ങിയ ശേഷമാണ് കള്ളൻ മോഷണം നടത്തിയത്. തിരുവാഭരണം, കിരീടം, സ്വർണക്കൂട് എന്നിവയാണ് 2022 ഒക്ടോബറില്‍ മോഷണം പോയത്. 10 പവന്റെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മോഷണം നടത്തുന്നതിന് മുമ്പ് കള്ളൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
പുതുമണം മാറിയില്ല! അയോധ്യയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്, അച്ഛനും രണ്ട് മക്കളും അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam