
ദില്ലി: മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 'തൊഴിലാളികളെ സംസ്ഥാനത്തേക്ക് എത്തിക്കാനുള്ള യുപി മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു. ആ തീരുമാനം നടപ്പാക്കാനുള്ള ഉചിതമായ സമയം ഇതല്ലെന്നാണ് എനിക്ക് അദ്ദേഹത്തോട് അപേക്ഷിക്കാനുള്ളത്. നമ്മള്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. വരുന്നവരില്‍ ആര്‍ക്കെങ്കിലും വൈറസ് ബാധയുണ്ടെങ്കില്‍ ഉത്തര്‍പ്രദേശില്‍ വലിയ പ്രശ്‌നമാകും'-ഗഡ്കരി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതിഥി തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും സംസ്ഥാനങ്ങള്‍ ഒരുക്കണമെന്ന് മുമ്പും ഗഡ്കരി നിര്‍ദേശിച്ചിരുന്നു. എല്ലായിടത്തും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികള്‍ ഒറ്റക്കാവില്ല എത്തുക. ചിലര്‍ വൈറസിനെയും കൊണ്ടുവരും. ഇനി അവരെ കൊണ്ടുവന്നേ മതിയാകൂവെങ്കില്‍ അവര്‍ക്ക് കൊറോണവൈറസ് ബാധയില്ലെന്ന് സ്ഥിരീകരിക്കണം. കാര്യങ്ങള്‍ കുഴപ്പത്തിലാണ്. കുടിയേറ്റ തൊഴിലാളികള്‍ക്ക് അതത് സംസ്ഥാനങ്ങള്‍ തന്നെ ഭക്ഷണവും സൗകര്യവും ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശികളെ തിരിച്ചെത്തിക്കുമെന്നും 14 ദിവസം ക്വാറന്റൈനിലാക്കുമെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന. രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിച്ച ശേഷം തൊഴിലാളികളുടെ ആവശ്യത്തെ തുടര്‍ന്നാണ് യോഗി തീരുമാനമെടുത്തത്. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. കുടിയേറ്റ തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സംവിധാനം ഒരുക്കണമെന്ന കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും ആവശ്യം കേന്ദ്രം പരിഗണിച്ചിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam