
ദില്ലി: സ്‌മാര്‍ട്ട് ഫോണിലേക്ക് ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ ഒരു എമര്‍ജന്‍സി മെസേജ് ലഭിച്ചതിന്‍റെ ഞെട്ടലിലാണ് പലരും. ഇന്ന് ഉച്ചയ്‌ക്ക് 12.19 ഓടെയായിരുന്നു പലരുടേയും മൊബൈല്‍ ഫോമിലേക്ക് അപ്രതീക്ഷിത സന്ദേശം എത്തിയത്. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ പലരും തുറന്നുനോക്കിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്. എന്താണ് ഇത്തരത്തിലൊരു സന്ദേശം മൊബൈല്‍ ഫോണുകളിലേക്ക് പറന്നെത്താന്‍ കാരണം.
വളരെ നിര്‍ണായകമായ എര്‍ജന്‍സി അലര്‍ട്ട് എന്ന ശീര്‍ഷകത്തോടെയാണ് എമര്‍ജന്‍സി മേസേജ് പലരുടെയും ആന്‍ഡ്രോയിഡ് ഫോണിലേക്ക് എത്തിയത്. 'കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം സെല്‍ ബ്രോഡ്‌കോസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാംപിള്‍ പരീക്ഷണ മെസേജാണിത്. മെസേജ് കിട്ടിയവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, മെസേജ് അവഗണിക്കുക. ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യാമെമ്പാടും മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം പരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് ആളുകളില്‍ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ സന്ദേശം' എന്നും മെസേജില്‍ വിശദീകരിക്കുന്നു.
ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12.17 ഓടെയാണ് ഈ മേസേജ് എത്തിയത്. രാജ്യത്ത് ഭൂകമ്പങ്ങളും സുനാമിയും മിന്നല്‍ പ്രളയങ്ങളും അടക്കമുള്ള പ്രകൃതിദുരന്തരങ്ങളും മറ്റും ചെറുക്കുന്നതിന്‍റെ ഭാഗമായി അടിയന്തിര ഘട്ടങ്ങളില്‍ മുന്നറിയിപ്പുകളും സന്ദേശങ്ങളും ജനങ്ങളിലെത്തിക്കുന്നതിന്‍റെ കൃത്യത പരീക്ഷിച്ചറിയാന്‍ വേണ്ടിയാണ് ഈ മെസേജ് ആന്‍ഡ്രോയ്‌ഡ് ഫോണുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അയച്ചത്. ഇത്തരം മുന്നറിയിപ്പ് മെസേജുകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷിച്ചുവരികയാണ്. ഇതാദ്യമായല്ല ഇത്തരത്തിലുള്ള സന്ദേശം മൊബൈല്‍ ഫോണുകളിലേക്ക് എത്തിയത്. ജൂലൈ 20നും ഓഗസ്റ്റ് 17നും സമാന സന്ദേശം പല ആളുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ വഴി ലഭിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam