'വിഷം കുത്തിവെക്കുന്നത് കയ്യോടെ പിടികൂടി, പച്ചക്കറി വാങ്ങും മുന്നേ ഇതൊന്ന് കാണൂ, ഭയാനകം' എന്ന തലക്കെട്ടിലാണ് വീഡിയോ ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്

മുംബൈ: പച്ചക്കറികളില്‍ കീടനാശിനി പ്രയോഗിക്കുന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. കേരളത്തെ പോലെ, ഏറെ പച്ചക്കറികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഒരു പ്രദേശത്തെ സംബന്ധിച്ച് പച്ചക്കറികളിലെ കീടനാശിനി പ്രയോഗം വലിയ ആശങ്കയാണ്. കേരളത്തിലെ കൃഷിയിടങ്ങളിലും മരുന്ന് തളിക്കല്‍ കുറവല്ലെന്ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആശങ്കകളെല്ലാം കൂട്ടുന്നൊരു വീഡിയോ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ കാണാം. മരുന്ന് തളിക്കുകയല്ല, സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുകയാണ് ഈ വീഡിയോയില്‍ കാണുന്നത്. 

പ്രചാരണം

'വിഷം കുത്തിവെക്കുന്നത് കയ്യോടെ പിടികൂടി, പച്ചക്കറി വാങ്ങും മുന്നേ ഇതൊന്ന് കാണൂ, ഭയാനകം' എന്ന തലക്കെട്ടിലാണ് വീഡിയോ ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. കീടനാശിനി തളിക്കുന്നതിന് പകരം സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. പച്ചക്കറികള്‍ കായ്‌ച്ച് തുടങ്ങുമ്പോഴേ അവയിലേക്ക് മരുന്ന് ഇഞ്ചക്‌ട് ചെയ്യുന്ന ആളുകളെ വീഡിയോയില്‍ കാണാം. വീഡിയോ ക്യാമറയില്‍ പകര്‍ത്തിയ ആള്‍ മരുന്ന് പച്ചക്കറികളില്‍ കുത്തിവെക്കുന്നവരോട് ചോദ്യങ്ങള്‍ ആരായുന്നതും അവര്‍ തിരികെ പ്രകോപിതരാവുന്നതും വീഡിയോയിലുണ്ട്. നാല് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളവര്‍ സംസാരിക്കുന്നത് ഹിന്ദിയാണെങ്കിലും മലയാളത്തിലുള്ള തലക്കെട്ടോടെയാണ് വീഡിയോ കേരളത്തില്‍ പ്രത്യക്ഷപ്പെട്ടത്. നിതിന്‍ കടമ്പേത്ത് എന്ന ഫേസ്‌ബുക്ക് യൂസറാണ് വീഡിയോ എഫ്‌ബിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ചുവടെ. 

വസ്‌തുത

കാണുന്ന ആളുകളില്‍ ഭയം സൃഷ്‌ടിക്കുന്ന ഈ വീഡിയോ ഫേസ്‌ബുക്കിലും യൂട്യൂബിലും നിരവധി പേര്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി പരിശോധനയില്‍ കണ്ടെത്താനായി. ഇവയില്‍ വീഡിയോയുംഷോര്‍ട് വീഡിയോയുമുണ്ട്. അവയുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ. 

ഇതില്‍ ഫാത്തിമ ബൊണാറ്റോ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയുടെ വിവരണത്തില്‍ വീഡിയോയെ കുറിച്ച് വ്യക്തമായ വിവരണം പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിനായി നിര്‍മ്മിച്ചതാണെന്ന് ഈ വിവരണത്തില്‍ കൃത്യമായി പറയുന്നുണ്ട്. വീഡിയോ യഥാര്‍ഥമല്ലെന്നും ഇതില്‍ പറയുന്നു. അതിനാല്‍ തന്നെ ഇത് ബോധവല്‍ക്കരണ ആവശ്യത്തിനായി നിര്‍മ്മിച്ച ദൃശ്യമാണ് എന്ന് വ്യക്തമാണ്. വീഡിയോ യഥാര്‍ഥ സംഭവത്തിന്‍റേതാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ കണ്ടെത്താനായില്ല.

Read more: ശാരീരിക വെല്ലുവിളി നേരിടുന്ന ഡെലിവറി ബോയിയുടെ ഭക്ഷണം വലിച്ചെറിഞ്ഞ് യുവതി; വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം