തന്നെ അപമാനിച്ചു, ഇത് പ്രതിഛായ തകർക്കാനുള്ള ശ്രമം; കേന്ദ്രത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മമത

By Web TeamFirst Published May 29, 2021, 3:32 PM IST
Highlights

തനിക്കെതിരെ നടക്കുന്നത് പ്രതിഛായ തകർക്കാനുള്ള ശ്രമമാണെന്ന് മമത പറഞ്ഞു. കേന്ദ്രസർക്കാർ തന്നെ അപമാനിക്കുകയാണ് ചെയ്തത് എന്നും മമത ആരോപിച്ചു.

കൊൽക്കത്ത: യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ താൻ പങ്കെടുക്കാത്തതിന്റെ പേരിലുള്ള കേന്ദ്രസർക്കാരിന്റെ രൂക്ഷവിമർശനങ്ങൾക്ക് മറുപടിയുമായി പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തനിക്കെതിരെ നടക്കുന്നത് പ്രതിഛായ തകർക്കാനുള്ള ശ്രമമാണെന്ന് മമത പറഞ്ഞു. കേന്ദ്രസർക്കാർ തന്നെ അപമാനിക്കുകയാണ് ചെയ്തത് എന്നും മമത ആരോപിച്ചു.

താൻ മൂൻകൂട്ടി നിശ്ചയിച്ച പരിപാടികൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം വന്നത്. പ്രധാനമന്ത്രിയെ കാണാനായി താൻ ഒരു മണിക്കൂർ കാത്തിരുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള യോഗമായിരുന്നെങ്കിൽ പിന്നെ എന്തിനാണ് പ്രതിപക്ഷ പാർട്ടി നേതാക്കളെ ക്ഷണിച്ചത്. കേന്ദ്രസർക്കാർ വിളിച്ചുചേർക്കുന്ന എല്ലാ യോ​ഗത്തിലും പശ്ചിമബം​ഗാൾ  പങ്കെടുക്കാറുണ്ട് എന്നും മമത അഭിപ്രായപ്പെട്ടു. 

ബംഗാള്‍ മുഖ്യമന്ത്രിയുടെ പെരുമാറ്റം അസാധാരണമാണെന്നും ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണെന്നും കേന്ദ്രസർക്കാർ കുറ്റപ്പെടുത്തിയിരുന്നു. യാസ് ചുഴലിക്കാറ്റ് വീശിയടിച്ച ഒഡിഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ആകാശനിരീക്ഷണം നടത്തിയ ശേഷമാണ് കലൈകുണ്ടയില്‍ പ്രധാനമന്ത്രി എത്തിയത്. കലൈകുണ്ട എയര്‍ബേസില്‍ പ്രധാനമന്ത്രിയും മമതയും 15 മിനിറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഒരാള്‍ പോലും പങ്കെടുത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

സ്ഥലത്തുണ്ടായിട്ടും ബംഗാള്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയില്ല. പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ അരമണിക്കൂറോളം മുഖ്യമന്ത്രിയെ കാത്തിരുന്നു. എന്നാല്‍, പെട്ടെന്ന് എത്തി കുറച്ച് കടലാസുകള്‍ പ്രധാനമന്ത്രിയെ ഏല്‍പ്പിച്ച് അവര്‍ തിരിച്ചുപോയെന്നും കേന്ദ്രം കുറ്റപ്പെടുത്തി. ദുരന്ത സമയത്തും മമത രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!