
മുംബൈ: മുംബൈ കോർപറേഷൻ (ബിഎംസി) ഭരണം ബിജെപി പിടിച്ചതോടെ സന്തോഷം പ്രകടിപ്പിച്ച് നടിയും എംപിയുമായ കങ്കണ റണാവത്ത്. പാർട്ടിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുൾപ്പെടെയുള്ള നേതാക്കളെയും കങ്കണ അഭിനന്ദിച്ചു. 2020ൽ ശിവസേന അധികാരത്തിലിരുന്നപ്പോൾ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കങ്കണയുടെ ബംഗ്ലാവിന്‍റെ ഒരു ഭാഗം പൊളിച്ച് മാറ്റിയത് വലിയ വിവാദമായിരുന്നു
"ബിഎംസി തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. ഈ അവിശ്വസനീയമായ വിജയം നേടിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്രയിലെ മുഴുവൻ ബിജെപിക്കാരെയും ഞാൻ അഭിനന്ദിക്കുന്നു. ഇത് നമുക്കെല്ലാവർക്കും വലിയ വിജയമാണ്"- കങ്കണ റണാവത്ത് പറഞ്ഞു.
"എന്നെ അധിക്ഷേപിച്ചവരെ, എന്റെ വീട് പൊളിച്ചുമാറ്റിയവരെ, മഹാരാഷ്ട്ര വിടാൻ ഭീഷണിപ്പെടുത്തിയവരെ ഇന്ന് മഹാരാഷ്ട്ര കൈവിട്ടിരിക്കുന്നു. സ്ത്രീവിരുദ്ധർക്കും സ്വജനപക്ഷപാത മാഫിയകൾക്കും ജനങ്ങൾ പുറത്തേക്കുള്ള വഴി കാണിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്" - കങ്കണ കൂട്ടിച്ചേർത്തു.
മുംബൈയിലെ 227 സീറ്റുകളിൽ 90 സീറ്റുകളിൽ ബിജെപിയാണ് മുന്നിൽ. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 29 ഇടത്ത് ലീഡ് ചെയ്യുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 60 ഇടത്ത് ലീഡുണ്ട്. ആകെ 1700 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
മുംബൈ നഗരത്തിന്റെ ഭരണം നഷ്ടമായെങ്കിലും ശക്തമായ പോരാട്ടം മഹായുതിയോട് കാഴ്ച വയ്ക്കാൻ ഉദ്ധവ് താക്കറേയ്ക്ക് ആയി. പരമ്പരാഗത സേനാ വോട്ടുകൾ ഉദ്ധവിനൊപ്പം നിന്നതായാണ് വോട്ടെണ്ണൽ വ്യക്തമാക്കുന്നത്. ബിജെപി - ശിവസേന ഷിൻഡെ സഖ്യത്തിന് കേവല ഭൂരിപക്ഷമായ 114 എത്താനായെങ്കിലും ഏക്നാഥ് ഷിൻഡേയുടെ പാർട്ടിയുടെ തിളക്കം മങ്ങി. മഹായുതിയിൽ ബിജെപിയുടെ അപ്രമാദിത്വം തെളിയിക്കുന്നതായിരുന്നു ബിഎംസി തെരഞ്ഞെടുപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam