
ദില്ലി: ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഹൌറയ്ക്കും ഗുവാഹത്തിക്കും ഇടയിലെ ട്രെയിൻ സർവീസ് മാൽഡ ടൌൺ സ്റ്റേഷനിൽ വച്ചാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. പിന്നീട് നടക്കുന്ന ചടങ്ങിൽ 3000 കോടിയിലധികം രൂപയുടെ റെയിൽ റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കൂടാതെ ഒരു ഡെസനിലധികം ട്രെയിൻ സർവീസുകൾ പശ്ചിമ ബംഗാളിന് പ്രധാനമന്ത്രി സമർപ്പിക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു. അസം സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നാളെ പശ്ചിമ ബംഗാളിൽ എത്തും. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അസമിനും പശ്ചിമ ബംഗാളിനും നിരവധി പദ്ധതികൾ ആണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജധാനി എക്സ്പ്രസിനേക്കാൾ വേഗതയും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ആർഎസി, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ഉണ്ടാകില്ലെന്ന തീരുമാനമാണ് റെയിൽവേ ബോർഡ് കൈക്കൊണ്ടിരിക്കുന്നത്. വന്ദേ ഭാരത് സ്ലീപ്പറിൽ സീറ്റ് പങ്കിടുന്ന ആർഎസി സംവിധാനം ഉണ്ടാകില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺഫേംഡ് ടിക്കറ്റുകൾ മാത്രമേ നൽകൂ. സീറ്റുകൾ ഒഴിവില്ലെങ്കിൽ ടിക്കറ്റ് ഇഷ്യൂ ചെയ്യില്ലെന്ന് റെയിൽവേ വ്യക്തമാക്കി. രാജധാനി എക്സ്പ്രസിനേക്കാൾ അൽപ്പം ഉയർന്ന നിരക്കാണ് വന്ദേഭാരത് സ്ലീപ്പറിന്. കുറഞ്ഞത് 400 കിലോമീറ്റർ ദൂരത്തിനുള്ള ചാർജ് ഈടാക്കും.
3എസി: കിലോമീറ്ററിന് 2.4 രൂപ (400 കി.മീറ്ററിന് കുറഞ്ഞ നിരക്ക് 960 രൂപ).
2എസി: കിലോമീറ്ററിന് 3.1 രൂപ (400 കി.മീറ്ററിന് കുറഞ്ഞ നിരക്ക് 1,240 രൂപ).
1എസി: കിലോമീറ്ററിന് 3.8 (400 കി.മീറ്ററിന് കുറഞ്ഞ നിരക്ക് 1,520 രൂപ). (ജിഎസ്ടി പ്രത്യേകം നൽകണം)
നിലവിലുള്ള എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് ഗുവഹാത്തി - ഹൗറ യാത്രയിൽ ഏകദേശം മൂന്ന് മണിക്കൂർ ലാഭിക്കാൻ സാധിക്കും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ നിലവിൽ 130 കിലോമീറ്റർ വേഗതയിലായിരിക്കും ഓടുക. അപകടങ്ങൾ ഒഴിവാക്കാനുള്ള 'കവച്' സാങ്കേതികവിദ്യയും ഇതിലുണ്ട്.
ഓട്ടോമാറ്റിക് വാതിലുകൾ, ശബ്‍ദ മലിനീകരണം കുറഞ്ഞ കോച്ചുകൾ, മികച്ച സസ്പെൻഷൻ, അത്യാധുനിക എർഗണോമിക് ബർത്തുകൾ എന്നിവ യാത്ര സുഖകരമാക്കും. രാത്രിയാത്രകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ട്രെയിനിൽ 16 കോച്ചുകളുണ്ടാകും നിലവിൽ പശ്ചിമ ബംഗാളിലെയും അസമിലെയും പ്രധാന ഒൻപത് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam