സവര്‍ക്കറുടേയും ഗോഡ്സേയുടേയും ഡിഎന്‍എ ഉള്ളവരാണ് കര്‍ഷകരില്‍ നക്സലുകളെ കാണുക; അഖിലേഷ് യാദവ്

By Web TeamFirst Published Dec 13, 2020, 3:27 PM IST
Highlights

കര്‍ഷക സമരത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്ന പ്രചാരണമാണ് സമാജ്വാദി പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്. 

ദില്ലിയിലെ കര്‍ഷക സമരത്തിന് പിന്നില്‍ നക്സലുകളാണെന്ന ആരോപണത്തിന് രൂക്ഷ മറുപടിയുമായി സമാജ്വാദി പാര്‍ട്ടി. ന്യായമായ ആവശ്യങ്ങള്‍ പാലിക്കാനാവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഈ കൊടുംതണുപ്പില്‍ സമരം ചെയ്യുന്നത്. എന്നാല്‍ ഈ സമരം അടിച്ചൊതുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സവര്‍ക്കറുടേയും ഗോഡ്സേയുടേയും ഡിഎന്‍എ ഉള്ളവര്‍ക്കാണ് കര്‍ഷകരില്‍ നക്സലുകളെ കാണാന്‍ സാധിക്കുക. കേന്ദ്രസര്‍ക്കാരിന്‍റെ ഡിഎന്‍എയിലും അതുണ്ടെന്നും സമാജ്വാദി പാര്‍ട്ടി ആരോപിക്കുന്നു. കര്‍ഷക സമരത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്ന പ്രചാരണമാണ് സമാജ്വാദി പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്. 

കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണയുമായി ജില്ലാ ആസ്ഥാനങ്ങളില്‍ സമാധാന പരമായി പ്രതിഷേധിക്കണമെന്നാണ് മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പറയുന്നത്. ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് കര്‍ഷകര്‍ക്കുള്ള പിന്തുണ വര്‍ധിക്കുമെന്നാണ് അഖിലേഷ് പറയുന്നത്. അതിന്‍റെ പേരില്‍ എന്ത് കേസ് ചമച്ചും ജയിലില്‍ ആക്കിയാലും പ്രതിഷേധം തുടരുമെന്നും അഖിലേഷ് വിശദമാക്കുന്നു. സര്‍ക്കാരിന് ഇഷ്ടമുള്ളത് ചെയ്യാം. പക്ഷേ തങ്ങള്‍ സമരം ചെയ്യുന്നത് തുടരുമെന്നും അഖിലേഷ് പ്രവര്‍ത്തകരോട് വിശദമാക്കി. 

കര്‍ഷകര്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്ന് അഖിലേഷ് യാദവ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കര്‍ഷകരെ കൊള്ളയടിക്കുന്ന ആ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കണം. കര്‍ഷകന്‍റെ ഭൂമിയും വിളവും കൊള്ളയടിക്കാന്‍ ബിജെപി സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുന്നത് രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞതായും അഖിലേഷ് പ്രസ്താവനയില്‍ പറയുന്നു. 

click me!