
ദില്ലി: രണ്ട് ഡോസ് കൊവിഷീൽഡ് (Covishield) എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ (Quarantine)വേണമെന്ന നിർദ്ദേശം യുകെ (United Kingdom) പിൻവലിച്ചു. രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ(India) ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് (Vaccine Certificate) നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ ഇന്ത്യയിൽ നിന്നും കൊവിഷീൽഡ് എടുത്തവരുടെ കാര്യത്തിൽ ക്വാറന്റൈൻ പിൻവലിക്കുമോയെന്ന് വ്യക്തമല്ല.
ഇന്ത്യയിലെ കൊവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതാണ്. രണ്ടു ഡോസ് കൊവിഷീൽഡ് സ്വീകരിച്ചാലും യുകെയിൽ പത്തു ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കിയതാണ് വിവാദമായത്. യാത്രയ്ക്ക് മുൻപ് ആർടിപിസിആർ പരിശോധന വേണം, യുകെയിൽ ക്വാറൻറീനിലിരിക്കെ രണ്ടാമത്തെയും എട്ടാമത്തെയും ദിവസം ആർടിപിസിആർ പരിശോധന നടത്തണമെന്നുമായിരുന്നു നിബന്ധന.
അസ്ട്രസെനക്കയും ഓക്സ്ഫോഡും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് ഇന്ത്യയിൽ കൊവിഷീൽഡായത്. ബ്രിട്ടീഷ് നിലപാടിൽ കടുത്ത പ്രതിഷേധം ഇന്ത്യ അറിയിച്ചിരുന്നു. സമാന നടപടി ഇന്ത്യയും സ്വീകരിക്കും എന്ന മുന്നറിയിപ്പും നല്കി. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ്‌ട്രസുമായി ചർച്ച നടത്തി. പ്രതിഷേധം അറിയിച്ചുള്ള കുറിപ്പ് ദില്ലിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് നൽകി. പ്രശ്നം ചർച്ച ചെയ്ത് തീർക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു.
ബ്രിട്ടൻറെ ഇപ്പോഴത്തെ നീക്കം ഇന്ത്യ തദ്ദേശീയമായി വാക്സീൻ വികസിപ്പിച്ചതിലെ ചില രാജ്യങ്ങളുടെ അസ്വസ്ഥതയ്ക്ക് ഉദാഹരണമായാണ് വിദേശകാര്യ മന്ത്രാലയം കാണുന്നത്. അതിനാൽ തന്നെ കൊവിഷീൽഡ് വാക്സീൻ എടുത്ത ഇന്ത്യക്കാർക്ക് യുകെയിൽ ക്വാറന്റീൻ ഏർപ്പെടുത്തിയ നടപടി പിൻവലിച്ചെങ്കിൽ ഇന്ത്യയിലെത്തുന്ന യുകെ പൗരന്മാർക്ക് അടുത്തയാഴ്ച്ച മുതൽ ക്വാറൻറീൻ ഏർപ്പെടുത്താനാണ് നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam