
ലണ്ടൻ: ദിവസങ്ങളായി കാർഷിക നിയമത്തിനെതിരെ ദില്ലി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയായി രാജ്യത്തിന് പുറത്തും പ്രതിഷേധങ്ങൾ ശക്തമാകുന്നു. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് പേരാണ് ലണ്ടൻ തെരുവുകളിൽ പ്രതിഷേധിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ലണ്ടനിലെ ആൽഡ്വിച്ചിലെ ഇന്ത്യൻ എംബസിക്ക് മുന്നിലാണ് ആയിരക്കണക്കിന് പേർ തടിച്ചുകൂടിയത്. മാസ്ക് ധരിച്ചെത്തിയ പൊലീസുകാർ പ്രതിഷേധകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും പഞ്ചാബിലെ കർഷകർക്ക് ഐക്യദാർഢ്യം എന്ന മുദ്രാവാക്യമാണ് ആളുകൾ ഉയർത്തിയത്. ഇതോടെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 30 ഓളം പേരെ അറസ്റ്റ് ചെയ്തു.കർഷകർക്ക് നീതി വേണം എന്ന പ്ലക്കാർഡുകളുമായാണ് ബ്രിട്ടണിലെ സിഖ് വംശജർ തെരുവിലിറങ്ങിയത്.
അതേസമയം പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദില്ലിയുടെ അതിർത്തികളിലേക്ക് കൂടുതൽ കർഷകരെത്തി തുടങ്ങി. രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് സമരത്തിൽ പങ്ക് ചേരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam