
ദില്ലി: ഓസ്ട്രേലിയൻ സന്ദർശനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണി. മെൽബൺ മീറ്റ്സ് മോദി എന്ന കമ്മ്യൂണിറ്റി പരിപാടിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് ഭീഷണി കമൻ്റ് പ്രത്യക്ഷപ്പെട്ടത്. ഓസ്ട്രേലിയൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കമൻ്റ് വന്ന അക്കൌണ്ടിൻ്റെ ഐപി അഡ്രസ് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഭീഷണി കമന്റ് വന്ന ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമാണോ അതോ യഥാർത്ഥ വ്യക്തിയുടേതാണോ എന്ന് തിരിച്ചറിയാൻ ഓസ്ട്രേലിയൻ പൊലീസും സുരക്ഷാ ഏജൻസികളും സൈബർ വിഭാഗവും ചേർന്ന് ഐപി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇത്തരം സോഷ്യൽ മീഡിയ ഭീഷണികൾ സാധാരണയായി ഉണ്ടാകാറുള്ളതാണെങ്കിലും, പ്രധാനമന്ത്രിയുടെ സുരക്ഷ മുൻനിർത്തി കമ്മ്യൂണിറ്റി പരിപാടി നടക്കുന്ന മെൽബണിലെ വേദികളിലും പരിസരങ്ങളിലും ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും ഇന്ത്യൻ സുരക്ഷാ ഏജൻസികളും കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കമൻ്റിനെ പറ്റി ഔദ്യോഗികമായി രണ്ട് രാജ്യങ്ങളും പ്രതികരിച്ചിട്ടില്ല.
ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്ര തിരിക്കും. ആദ്യം ഇന്തോനേഷ്യയിലേക്കാണ് പ്രധാനമന്ത്രി പോകുന്നത്. ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ ഭാഗമായാണ് ഈ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനം. ഓസ്ട്രേലിയയിൽ വിദ്യാർത്ഥി വിസയ്ക്കുള്ള കാലതാമസം ഉൾപ്പെടെയുള്ള വിഷയങ്ങൾ സന്ദർശന വേളയിൽ ചർച്ചയാകും. വൈദഗ്ധ്യം നേടിയ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഈ രാജ്യങ്ങളിൽ കൂടുതൽ അവസരങ്ങൾ കിട്ടുന്നതിനുള്ള ധാരണകളും ചർച്ചകളുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാപാര, സാമ്പത്തിക മേഖലകളിൽ ഓസ്ട്രേലിയയും ന്യൂസിലാൻഡുമായുള്ള സഹകരണം ശക്തിപ്പെടുത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam