ഫാത്തിമ ലത്തീഫിന്‍റെ മരണം; ഐഐടി മുന്‍ അധ്യാപികയ്ക്ക് ഭീഷണി

By Web TeamFirst Published Dec 6, 2019, 9:30 AM IST
Highlights

ഫാത്തിമയുടെ ആത്മഹത്യയില്‍ ഐഐടിക്കെതിരെ മുന്‍ അധ്യാപികയായ വസന്ത കന്തസാമി പ്രതികരിച്ചിരുന്നു. 

ചെന്നൈ: മദ്രാസ് ഐഐടിയിലെ ജാതി വിവേചനത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ അധ്യാപിക വസന്ത കന്തസ്വാമിക്ക് ഭീഷണി. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്നാണ് താക്കീത്. അതിനിടെ, വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ രഹസ്യസ്വഭാവത്തോടെയാണ് അധികൃതര്‍ കൈകാര്യം ചെയ്യുന്നതെന്ന് ഐഐടിയിലെ മുന്‍ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.കടുത്ത വെല്ലുവിളി അതിജീവിച്ച് വേണം പഠനം പൂര്‍ത്തിയാക്കാനെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

മദ്രാസ് ഐഐടിയില്‍ സമ്പൂര്‍ണ സവര്‍ണാധിപത്യം നിലനില്‍ക്കുന്നുണ്ടെന്നും ദളിത് മുസ്ലീം വിദ്യാര്‍ഥികള്‍ വിവേചനം നേരിടുന്നുവെന്നുമായിരുന്നു മുന്‍ അധ്യാപിക വസന്ത കന്തസ്വാമിയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ വസന്ത കന്തസ്വാമിയുടെ ഫോണിലേക്ക് നെറ്റ് നമ്പറുകളില്‍ നിന്ന് വിളിയെത്തി. ഇത്തരം അഭിമുഖങ്ങള്‍ നല്‍കരുതെന്നാണ് ഭീഷണി.

മദ്രാസ് ഐഐടിയില്‍ നിന്ന് വിരമിച്ച  ശേഷം ഇപ്പോള്‍ വെല്ലൂര്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ അധ്യാപികയാണ് വസന്ത കന്തസാമി.  മാധ്യമങ്ങളെ ഇനി കാണരുതെന്ന നിര്‍ദേശമാണ് വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്‍റും നല്‍കിയിരിക്കുന്നത്. ഫാത്തിമ ലത്തീഫ് പഠനം നടത്തിയിരുന്ന ഹ്യൂമാനിറ്റീസ് വകുപ്പില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്പ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും സമാന അനുഭവമാണ് പറയാനുള്ളത്.

2006 മുതല്‍ 14 ആത്മഹത്യകള്‍ മദ്രാസ് ഐഐടിയില്‍ നടന്നു. ഒരു മരണത്തിലും അന്വേഷണം നടന്നിട്ടില്ല. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ എത്തിക്കാനും വീട്ടുകാര്‍ക്ക് കൈമാറാന്‍ പോലും സ്വകാര്യ ഏജന്‍സിയാണ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബാംഗങ്ങള്‍ ആരും പരാതിപ്പെടാത്തതിനാലാണ് അന്വേഷണം നടത്താത്തതെന്ന് പൊലീസ് വിശദീകരിക്കുന്നു. ഫാത്തിമയുടെ കുടുംബത്തിന്‍റെ നിരന്തര ആവശ്യങ്ങള്‍ക്ക് ഒടുവിലാണ് വിശദമായ പരിശോധനയ്ക്ക് വഴിതുറന്നത്.

Read Also: ഫാത്തിമയുടെ കുടുംബം ചെന്നൈയിൽ; അന്വേഷണ സംഘത്തെ കാണും, തമിഴ്നാട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും

click me!