നടുറോഡില്‍ നിന്ന പൊലീസുകാരനെ 'അടിച്ചുഫിറ്റായ' മൂന്നംഗ സംഘം 'തട്ടിക്കൊണ്ട്' പോയി

By Web TeamFirst Published Jul 18, 2019, 7:13 PM IST
Highlights

എത്രയും വേഗം കാര്‍ റോഡിന്‍റെ അരികിലേക്ക് മാറ്റി ഇടണമെന്ന് വികാസ് ആവശ്യപ്പെട്ടതോടെ മൂന്നംഗ സംഘം ചേര്‍ന്ന് തര്‍ക്കിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ബലമായി വികാസിനെയും കാറിലേക്ക് കയറ്റി അവര്‍ കാര്‍ ഓടിച്ച് പോയി.

മുംബെെ: അടുത്ത കാലത്ത് പൊലീസുകാര്‍ നേരിടുന്ന അക്രമങ്ങള്‍ രാജ്യത്ത് ഉടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. രാജ്യസ്ഥാനില്‍ ആള്‍ക്കൂട്ടം പൊലീസുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങി. ഇപ്പോള്‍ മുംബെെയില്‍ നിന്ന് പൊലീസുകാരനെ മദ്യപിച്ച് ലക്കുകെട്ട മൂന്നംഗ സംഘം നടുറോഡില്‍ നിന്ന് തട്ടിക്കൊണ്ടു പോയ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജൂലെെ 16നായിരുന്നു സംഭവം. ഏറെ തിരക്കുള്ള ചെമ്പൂരിലെ ഒരു റോഡില്‍ മദ്യപിച്ച ശേഷം മൂന്നംഗ സംഘം റോഡിന്‍റെ നടുവില്‍ കാര്‍ നിര്‍ത്തി ഗതാഗത കുരുക്കുണ്ടാക്കി. ഇതോടെയാണ് ട്രാഫിക് പൊലീസുകാരനായ വികാസ് മുണ്ഡെ സ്ഥലത്ത് എത്തുന്നത്. കാറിന്‍റെ ചില്ലില്‍ തട്ടി ഡ്രെെവറോട് പുറത്ത് വരാന്‍ വികാസ് ആവശ്യപ്പെട്ടു.

പുറത്ത് വന്നവര്‍ മൂന്ന് പേരും മദ്യപിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന് മനസിലായി. കാറിനുള്ളില്‍ മദ്യക്കുപ്പികളും കണ്ടെത്തി. എത്രയും വേഗം കാര്‍ റോഡിന്‍റെ അരികിലേക്ക് മാറ്റി ഇടണമെന്ന് വികാസ് ആവശ്യപ്പെട്ടതോടെ മൂന്നംഗ സംഘം ചേര്‍ന്ന് തര്‍ക്കിക്കാന്‍ തുടങ്ങി.

തുടര്‍ന്ന് ബലമായി വികാസിനെയും കാറിലേക്ക് കയറ്റി അവര്‍ കാര്‍ ഓടിച്ച് പോയി. വോക്കി ടോക്കിയിലൂടെ കണ്‍ട്രോള്‍ റൂമുമായി വികാസ് ബന്ധപ്പെട്ടതോടെ വിക്രോളി ട്രാഫിക് പൊലീസ് സംഭവം അറിഞ്ഞു. തുടര്‍ന്ന് കാര്‍ ചേസ് ചെയ്ത് പിടിച്ച ശേഷം വികാസിനെ മോചിപ്പിക്കുകയായിരുന്നു. മൂന്നംഗ സംഘത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായെങ്കിലും ഒരാള്‍ രക്ഷപ്പെട്ടതായി തിലക് നഗര്‍ സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ് പി കാംബ്ലി പറഞ്ഞു. 

click me!