
തമിഴ്നാട്ടിലെ തെങ്കാശിയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. തെങ്കാശി ജില്ലയിലെ വനമേഖലയില്‍ ശനിയാഴ്ചയാണ് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് നേരെ കരടിയുടെ ആക്രമണമുണ്ടായത്. വനമേഖലയിലൂടെ റോഡിലൂടെ കടന്നുപോയ ഇരുചക്ര വാഹന യാത്രക്കാരന്‍റെ മേലേക്ക് റോഡ് സൈഡിലെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന കരടി ചാടി വീഴുകയായിരുന്നു. വൈകുണ്ഠമണി എന്നയാളെ നിലത്തേക്ക് വലിച്ചിട്ട ശേഷം മുഖമടക്കം കടിച്ചുപറിക്കുകയാണ് കരടി ചെയ്തത്.
വഴിയാത്രക്കാര്‍ അറിയിച്ചതിനേ തുടര്‍ന്ന് സമീപത്തെ ഗ്രാമവാസികള്‍ ഓടിയെത്തി കരടിയെ ഓടിക്കാന്‍ ശ്രമിച്ചു. കല്ലും കമ്പുമെടുത്ത് കരടിയെ എറിഞ്ഞങ്കിലും വൈകുണ്ഠമണിയെ ഉപേക്ഷിക്കാന്‍ കരടി ഒരുക്കമായിരുന്നില്ല. ആളുകള്‍ കൂടിയതിന് പിന്നാലെ കരടി ആള്‍ക്കൂട്ടതിന് നേരെ തിരിഞ്ഞു. ഈ സമയത്താണ് വൈകുണ്ഠമണിയെ രക്ഷിക്കാനായത്. ആള്‍ക്കൂട്ടത്തിന് നേരെ കരടി നടത്തിയ ആക്രമണത്തില്‍ നാഗേന്ദ്ര, ശൈലേന്ദ്ര എന്നിവര്‍ക്ക് പരിക്കേറ്റു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകുണ്ഠമണിയുടെ പരിക്ക് ഗുരുതരമാണ്. സമീപ പ്രദേശത്ത് നിന്ന് കണ്ടെത്തിയ കരടിയെ പിന്നീട് മയക്കുവെടി വച്ച് പിടികൂടി. മുഖത്തും കഴുത്തിലുമായി ഗുരുതര പരിക്കുകളാണ് വൈകുണ്ഠമണിക്ക് സംഭവിച്ചിട്ടുള്ളത്. ഈ മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സഹായത്തിനായി നിലവിളിക്കുന്ന വൈകുണ്ഠമണിയെ കടിച്ചുകുടയുന്ന കരടിയുടേതാണ് ദൃശ്യങ്ങള്‍. ഓടിക്കൂടിയ ആളുകളില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. ഒക്ടോബര്‍ അവസാനവാരം പെട്ടന്നുള്ള കരടിയുടെ ആക്രമണത്തില്‍ നിന്ന് വാഷിംഗ്ടണ്‍ സ്വദേശിയായ യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. വളര്‍ത്തുനായയെ രാവിലെ വീടിന് പുറത്ത് നടത്താന്‍ കൊണ്ടുപോകുമ്പോഴായിരുന്നു യുവതിക്ക് നേരെ കരടിയുടെ ആക്രമണമുണ്ടായത്. കരടിയുടെ ആക്രമണത്തില്‍ പതറിയെങ്കിലും തിരിഞ്ഞ് കരടിയുടെ മൂക്കിന് ഇടിക്കാന്‍ സാധിച്ചതാണ് യുവതിക്ക് സഹായകരമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam