
ദില്ലി: കുനോ ദേശീയോദ്യാനത്തില്‍ മൂന്ന് ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നതായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ഗാമിനി എന്ന ചീറ്റയ്ക്കാണ് കുഞ്ഞുങ്ങൾ പിറന്നതെന്നും രണ്ടാം തവണയാണ് ഗാമിനി പ്രസവിക്കുന്നതെന്നും എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ച കുറിപ്പില്‍ യാദവ് അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെത്തി മൂന്ന് വർഷം തികയുന്ന അവസരത്തിലാണ് മൂന്ന് ചീറ്റക്കുഞ്ഞുങ്ങളുടെ പിറവി.
ഇന്ത്യൻ മണ്ണില്‍ ചീറ്റയുടെ ഒന്‍പതാമത്തെ വിജയകരമായ പ്രസവമാണിത്. ഇതോടെ രാജ്യത്ത് ജനിച്ചതും അതിജീവിക്കുന്നതുമായ ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 27-ലെത്തി. ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 38 ആയി ഉയര്‍ന്നു. ഓരോ ചീറ്റക്കുഞ്ഞിന്റെയും വിജയകരമായ ജനനം 'പ്രോജക്ട് ചീറ്റ'യെ ശക്തിപ്പെടുത്തുന്നതായും ദൗത്യത്തിന്റെ ഭാഗമായ ഫീൽഡ് ഉദ്യോഗസ്ഥരുടെയും വെറ്ററിനറി സംഘങ്ങളുടെയും നിരന്തര പരിശ്രമത്തെയും അർപ്പണബോധത്തെയും പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘കുനോയ്ക്കും ഇന്ത്യയ്ക്കും അഭിമാന നിമിഷം – ഗാമിനിയും മൂന്ന് ചീറ്റക്കുഞ്ഞുങ്ങളും കരുത്തോടെ വളരട്ടെ. രാജ്യത്തിന്റെ ചീറ്റ പുനരുദ്ധാരണ ചരിത്രത്തെ അവ അതിവേഗം പ്രൗഢിയോടെ മുന്നോട്ടുനയിക്കട്ടെ’. യാദവ് കുറിച്ചു.
നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമായി 2022-23 കാലയളവിൽ 20 ചീറ്റകൾ ഇന്ത്യയിലെത്തിയതോടെയാണ് മാംസഭുക്ക് വിഭാഗത്തിലെ വലിയ മൃഗങ്ങളുടെ ലോകത്തെ ആദ്യ ഭൂഖണ്ഡാന്തര സ്ഥാനമാറ്റം വിജയകരമായി പൂർത്തിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2022 സെപ്റ്റംബർ 17-ന് ആദ്യ എട്ട് ചീറ്റകളെ നേരിട്ട് തുറന്നുവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam