
ദില്ലി: പിഎം ശ്രീ പദ്ധതിയെ എതിർത്ത് നിയമ പോരാട്ടത്തിലാണ് തമിഴ്നാടും പശ്ചിമ ബംഗാളും. തമിഴ്നാടിന് 2152 കോടിയും ബംഗാളിന് 1000 കോടിയിലധികം രൂപയുമാണ് കിട്ടാനുള്ളത്. നേരത്തെ പദ്ധതിയിൽ ചേർന്ന പഞ്ചാബ് പിഎം ശ്രീയിൽനിന്നും പിൻമാറാനും നീക്കം തുടങ്ങി.
രാജ്യത്താകെ പ്രധാനമന്ത്രിയുടെ പേരിൽ 14,500 സ്കൂളുകൾ നവീകരിക്കുന്ന പദ്ധതിയായ പിഎം ശ്രീയിൽ ഇതുവരെ ചേരാത്തത് 3 സംസ്ഥാനങ്ങൾ മാത്രം. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്. ത്രിഭാഷാ നയമടക്കം പുതിയ വിദ്യാഭ്യാസ നയത്തോടുള്ള വിയോജിപ്പാണ് തമിഴ്നാട് വിട്ടുനിൽക്കാനുള്ള പ്രധാന കാരണം. വിദ്യാഭ്യാസ രംഗത്ത് മറ്റ് സംസ്ഥാനങ്ങളേക്കാൾ നേട്ടം കൈവരിച്ച ഈ മൂന്ന് സംസ്ഥാനങ്ങൾക്കും പദ്ധതിയിൽ ചേരാത്തതുകൊണ്ടുമാത്രം ഫണ്ട് തടയുന്നത് നിതീകരിക്കാനാകില്ലെന്നാണ് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് അധ്യക്ഷനായ വിദ്യാഭ്യാസ പാർലമെന്ററി സമിതി മാർച്ചിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഫണ്ട് ഉടനടി നൽകണമെന്ന സമിതിയുടെ നിർദേശവും കേന്ദ്രം പാടേ അവഗണിച്ചു.
സുപ്രീം കോടതിയെ സമീപിച്ച തമിഴ്നാട് ഇപ്പോഴും നിയമ പോരാട്ടം തുടരുകയാണ്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള സംവരണ സീറ്റുകളിലേക്ക് പോലും പ്രവേശനം നടത്താൻ കേന്ദ്രം ഫണ്ട് തടഞ്ഞതുകൊണ്ട് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് രണ്ടാമതും സുപ്രീം കോടതിയിൽ നടത്തിയ നിയമ പോരാട്ടത്തിലൂടെ 538 കോടി രൂപ ഈയിടെ നേടിയെടുത്തു. ഇത് വലിയ നേട്ടമായി തമിഴ്നാട് ഉയർത്തിക്കാട്ടുന്നു.
ഒരു കാരണവശാലും പദ്ധതി നടപ്പാക്കില്ലെന്ന കർശന നിലപാടിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 6 തവണ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയച്ചിട്ടും കേന്ദ്രമന്ത്രിമാരടക്കം സംസ്ഥാനത്തെത്തി ആവശ്യപ്പെട്ടിട്ടും സർക്കാർ കുലുങ്ങിയിട്ടില്ല. ഫണ്ട് ഇനിയും തടഞ്ഞുവച്ചാൽ ദില്ലിയിൽ വന്ന് ധർണയിരിക്കുമെന്നാണ് മമത പറഞ്ഞത്. എന്നാൽ കേരളം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നതോടെ കേന്ദ്രത്തിന് കീഴടങ്ങിയെന്ന വിമർശനം ദേശീയ തലത്തിലും ഉയരാനാണ് സാധ്യത.
അതേസമയം ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ പദ്ധതിയുടെ ഭാഗമാണ്. പിഎം ശ്രീ ഡാഷ് ബോർഡിലെ കണക്ക് പ്രകാരം കേരളത്തിൽ 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ വിദ്യാലയങ്ങളും (ആകെ 47 സ്കൂളുകൾ) തമിഴ്നാട്ടിൽ 36 കേന്ദ്രീയ വിദ്യാലയങ്ങളും പശ്ചിമ ബംഗാളിൽ 46 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ വിദ്യാലയങ്ങളും (60 സ്കൂളുകൾ) പിഎം ശ്രീ പദ്ധതിയുടെ ഭാഗമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam