ജമ്മു കശ്മീരിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം വീണ്ടും ഡ്രോൺ; പുൽവാമയിൽ മൂന്ന് ഭീകരരെ വധിച്ചു

By Web TeamFirst Published Jul 2, 2021, 2:27 PM IST
Highlights

പുല്‍വാമയിലെ രാജ്‌പോറ ഗ്രാമത്തില്‍ ഒളിച്ച ഭീകരെ കണ്ടെത്താനുളള നീക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്

ശ്രീനഗർ: ജമ്മു കശ്മീരിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം വീണ്ടും ഡ്രോൺ കണ്ടെത്തി. അതിനിടെ, പുൽവാമയിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഭീകരരെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ ഒരു ജവാനും വീരമൃത്യു വരിച്ചു.

ഇന്ന് പുലർച്ച 4.45 നാണ് അന്തരാഷ്ട്ര അതിർത്തിയായ അര്‍ണിയ സെക്റ്ററിൽ ഡ്രോൺ കണ്ടത്. തുടർന്ന് സുരക്ഷ പരിശോധനയിലായിരുന്നു ബിഎസ്എഫ് സംഘം ഡ്രോണിന് വെടിവെച്ചു. ഇതോടെ ഇത് അപ്രത്യക്ഷമായി. പാക് ചാരസംഘടന നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകളാണെന്ന് സംശയിക്കുന്നതായി സുരക്ഷ സേന അറിയിച്ചു. ഒരാഴ്ച്ചയ്ക്കിടെ നാലാംതവണയാണ് ജമ്മു മേഖലയില്‍ അജ്ഞാത ഡ്രോണിന്റെ സാന്നിധ്യം. 

പുല്‍വാമയിലെ രാജ്‌പോറ ഗ്രാമത്തില്‍ ഒളിച്ച ഭീകരെ കണ്ടെത്താനുളള നീക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതിൽ ഒരു ജവാനാണ് വീരമൃത്യു വരിച്ചത്. ഒളിച്ചിരുന്ന് ആക്രമിച്ച മൂന്ന് ഭീക‍രരെ കശ്മീർ പൊലീസും സൈന്യവും ചേർന്ന് വധിച്ചു.

ഇന്ന് ജമ്മുവിലെത്തുന്ന ആഭ്യന്തര സഹമന്ത്രി കിഷൻ റെഢി ജമ്മുവിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തും. ബിഎസ്എഫിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുമായി യോഗം ചേരും. ജമ്മു കശ്മീരിൽ സ്ഫോടനം ലക്ഷ്യമിട്ട് എത്തിയ മൂന്ന് ലഷ്കർ ഭീകരരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!