
മേധക്: തെലങ്കാനയിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു. ഏകദേശം 17 അടിയോളം ആഴത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. മേധക് ജില്ലയിൽ ബുധനാഴ്ച വൈകിട്ട് കുഴൽക്കിണറിൽ വീണ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.
സങ്കറെഡ്ഡി ജില്ലയിലെ പട്ടൻചെരുവിൽ ഫോട്ടോഗ്രാഫറായ ഗോവർധൻെറയും നവീനയുടെയും മകൻ സഞ്ജയ് സായ് വർധനാണ് മരിച്ചത്. അമ്മയുടെ അച്ഛൻ മംഗളി ഭിക്ഷപതിയുടെ കൃഷിയിടത്തിലുള്ള കുഴൽക്കിണറിൽ സായ് വർധൻ കാൽവഴുതി വീഴുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കുട്ടി വീഴുന്നത് കണ്ടയുടനെ ബന്ധുക്കള്‍ സാരി ഉപയോഗിച്ച് കുട്ടിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നാലെ, പൊലീസിനൊപ്പം ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കു ചേര്‍ന്നു. കുട്ടിയ്ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും കിണറിന് സമാന്തരമായി കുഴിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
ഏറെ കുഴിച്ചിട്ടും വെള്ളം കിട്ടാത്തതിനാൽ ഈ കുഴൽക്കിണർ ഉപേക്ഷിച്ചതായിരുന്നു. ഇതേ കൃഷിയിടത്തിൽ മറ്റൊരു കുഴൽക്കിണർ കുഴിച്ചെങ്കിലും അതിലും വെള്ളം കിട്ടിയിരുന്നില്ല. മുത്തച്ഛൻ ഒരു കുഴൽക്കിണർ കൃത്യമായി മൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കുമ്പോഴാണ് മറ്റേ കിണറിൽ കൊച്ചുമകൻ കാൽവഴുതി വീണതെന്ന് പൊലീസ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam