കെണിയിൽപെട്ട് കാൽപാദം നഷ്ടപ്പെട്ടു; കടുവയ്ക്ക് കൃത്രിമപാദം നൽകാനൊരുങ്ങുന്നു

By Web TeamFirst Published Jan 18, 2020, 9:44 AM IST
Highlights

ലോകത്തിൽ ആദ്യമായിട്ടാണ് മൃ​ഗങ്ങളിൽ കൃത്രിമ അവയവം വച്ചുപിടിപ്പിക്കുന്നതെന്ന് കടുവയെ ചികിത്സിക്കുന്ന ഡോക്ടർമാർ  അവകാശപ്പെടുന്നു.

മുംബൈ: വേട്ടക്കാർ ഒരുക്കിയ ഉരുക്കിന്റെ കെണിയിൽ കുടുങ്ങിയതിനെ തുടർന്ന് കാൽ പാദം മുറിഞ്ഞുപോയ കടുവയ്ക്ക് കൃത്രിമപാദം നൽകാനൊരുങ്ങി  ഡോക്ടർമാർ. ലോകത്തിൽ ആദ്യമായിട്ടാണ് മൃ​ഗങ്ങളിൽ കൃത്രിമ അവയവം വച്ചുപിടിപ്പിക്കുന്നതെന്ന് കടുവയെ ചികിത്സിക്കുന്ന ഡോക്ടർമാർ  അവകാശപ്പെടുന്നു. ഓർത്തോപെഡിക് സർജൻ ശുശ്രൂത് ബാബുൽക്കർ, വെറ്ററിനറി ഡോക്ടർ ശിരീഷ് ഉപാധ്യായ, മഹാരാഷ്ട്ര അനിമൽ ആൻഡ് ഫിഷറീസ് സയൻസ് യൂണിവേഴ്സിറ്റി എന്നിവയിലെ മെഡിക്കൽ ഓഫീസർമാർ കൂടാതെ ഐഐടി-ബോംബെയിലെ വിദഗ്ധർ എന്നിവരും കഴിഞ്ഞ രണ്ട് വർഷമായി ഈ പദ്ധതിയിൽ സഹകരിച്ചു വരികയാണ്.

2012 ലാണ് എട്ടുവയസ്സുള്ള സാഹേബ്രാവോ എന്ന കടുവയ്ക്ക് കെണിയിലകപ്പെട്ട് അപകടം സംഭവിക്കുന്നത്. കാൽപാദം ഇല്ലാത്തത് കൊണ്ട് മുടന്തിയാണ് ന‍ടന്നിരുന്നത്. "2018 ൽ ഞാൻ ആദ്യമായി കണ്ടപ്പോൾ, സാഹേബ്രാവു വളരെ വലുതായിരുന്നു, പക്ഷേ നടക്കാൻ കഴിയുമായിരുന്നില്ല. വേദനകൊണ്ട് ഇടയ്ക്കിടെ മുരണ്ടുകൊണ്ടിരുന്നു. പ്രോസ്റ്റെറ്റിക് അവയവങ്ങൾ ഘടിപ്പിക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി ഞങ്ങൾ എക്സ്-റേ, അളക്കൽ തുടങ്ങിയവ ചെയ്തിട്ടുണ്ട്. രണ്ട് മൂന്ന് മാസം മുമ്പ്, കടുവയ്ക്ക് വേദന നൽകുന്ന ഒരു ഞരമ്പിലാണ് ഞങ്ങൾ ശസ്ത്രക്രിയ നടത്തിയത്.'' ഡോക്ടർ ബാബുൽക്കർ പി.ടി.ഐയോട് പറഞ്ഞു. ദീ​ർഘനാളായിട്ടുള്ള മുറിവായതിനാൽ സുഖപ്പെടാൻ ബുദ്ധിമുട്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ചയാണ് കൃത്രിമ പാദം ഘടിപ്പിക്കുന്നതിന്റെ അവസാന പ്രക്രിയ നടപ്പിലാക്കുന്നത്. ''അന്താരാഷ്ട്രതലത്തിലുള്ള മെഡിക്കൽ വിദ​ഗ്ധരുമായി കൂടിയാലോചിച്ചതിന് ശേഷം പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു പ്രോസ്റ്റെറ്റിക് അവയവം ഞങ്ങൾ ഘടിപ്പിക്കും. വെറ്ററിനറി സർജൻ ശിരീഷ് ഉപാധ്യായ ഓപ്പറേഷന് ചുക്കാൻ പിടിക്കും," അദ്ദേഹം പറഞ്ഞു. “ലോകത്തെവിടെയും ഇതുപോലൊന്ന് സംഭവിക്കുന്നത് കേട്ടിട്ടില്ല. ആദ്യമായിട്ടാണ് ഇത്തരം മുന്നേറ്റം.” ഡോക്ടർ ബാബുൽക്കർ അവകാശപ്പെട്ടു.

click me!