ദില്ലിയിലെ തണുപ്പിനും അകറ്റാനാകില്ല ഷാഹിന്‍ ബാഗിലെ ഈ അമ്മമാരുടെ സമരച്ചൂടിനെ

By Web TeamFirst Published Jan 18, 2020, 8:41 AM IST
Highlights

പത്ത് അമ്മമാരായിരുന്നു നോയിഡ കാളിന്ദി കുഞ്ച് റോഡില്‍ പ്രതിഷേധം തുടങ്ങിയത്. ഒരുമാസം പിന്നിടുമ്പോള്‍ നോയിഡ കാളിന്തി കുഞ്ച് റോഡില്‍ കെട്ടിയ താത്കാലിക പന്തലിലേക്ക്  നൂറുകണക്കിന് അമ്മമാരാണ് വന്നുചേര്‍ന്നത്.
 

ദില്ലി: ദില്ലിയിലെ കൊടും തണുപ്പിലും ചൂടാറാതെ ഷാഹിന്‍ ബാഗിലെ അമ്മമാരുടെ സമരം. മതേതര പ്രതീകങ്ങള്‍ ഉയര്‍ത്തിയാണ് ഒരുമാസത്തിലേറെയായി പൗരത്വ നിയമഭേദഗതിക്കെതിരെ ഒരുകൂട്ടം അമ്മമാര്‍ രാപ്പകല്‍ തെരുവില്‍ സമരം ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലും ബിഹാറിലെ പാറ്റ്നയിലും കൊല്‍ക്കത്തയിലും ഷാഹിന്‍ ബാഗ് മോഡല്‍ സമരം തുടങ്ങിയിട്ടുണ്ട്. 

നൂറു വര്‍ഷത്തിനിടയിലെ കൊടും തണുപ്പിനും അമ്മമാരുടെ സമരാവേശത്തെ തളര്‍ത്താനായില്ല. പത്ത് അമ്മമാരായിരുന്നു നോയിഡ കാളിന്ദികുഞ്ച് റോഡില്‍ ആദ്യം പ്രതിഷേധം തുടങ്ങിയത്. ഒരുമാസം പിന്നിടുമ്പോള്‍ നോയിഡ കാളിന്തി കുഞ്ച് റോഡില്‍ കെട്ടിയ താത്കാലിക പന്തലിലേക്ക്  നൂറുകണക്കിന് അമ്മമാരാണ് വന്നുചേര്‍ന്നത്. മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയും അഭാവാദ്യമര്‍പ്പിച്ചും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇവിടേക്ക് ഒഴുകുന്നത്.

എണ്‍പത് പിന്നിട്ട ബാല്‍ക്കീസുമ്മയും തൊണ്ണൂറു വയസ്സുള്ള മെഹറുന്നിസയുമടക്കം രാവും പകലും ഈ തെരുവിലുണ്ട്. കരുത്തരായ അമ്മമാരെന്നാണ് ജനങ്ങള്‍ അവരെ വിളിക്കുന്നത്. സിഎഎ സമരത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ പേരുകൊത്തിയ ഇന്ത്യാഗേറ്റ്, ഞങ്ങള്‍ ഈ രാജ്യം പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നെന്ന മുദ്രാവാക്യവുമായി രാജ്യത്തിന്‍റെ വലിയ ഭൂപടം തുടങ്ങി സമരപ്പന്തലിന് പുറത്ത് പ്രതിഷേധത്തെരുവില്‍ മതേതര ഇന്ത്യയുടെ മാതൃകകളുമുണ്ട്. 

സമരക്കാര്‍ക്ക് വൈദ്യസഹായവുമായി സ്വമേധയാ എത്തിയ ഡോക്ടര്‍മാരുടെ സംഘവും ഭക്ഷണവും മറ്റുമെത്തിക്കുന്ന ചുമതല ഏറ്റെടുത്ത പ്രദേശത്തെ പുരുഷന്മാരും മറ്റ്  സന്നദ്ധ സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി. ഗതാഗതം തടഞ്ഞുള്ള സമരത്തിനെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയെങ്കിലും പൊലീസ് ഉചിതമായി കൈകാര്യം ചെയ്യട്ടെയെന്നാണ് ദില്ലി ഹൈക്കോടതി പറഞ്ഞത്. ബലം പ്രയോഗിക്കാനില്ലെന്ന നിലപാട് പൊലീസുമെടുത്തതോടെ സമരവുമായി ഈ അമ്മമാര്‍ മുന്നോട്ട് പോകുകയാണ്. 

"

click me!