
ചണ്ഡീഗഡ്:ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടക്കത്തിൽ നേടിയ ലീഡ് നില നിർത്താൻ ആകാതെ എൻഡിഎ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ എൻഡിഎയ്ക്ക് 44 ഉം കോൺഗ്രസിന് 31ഉം സീറ്റുകളിലാണ് ലീഡ് ഉള്ളത് . എന്നാൽ ലീഡ് നില അനുനിമിഷം മാറുന്നത് ഭരണകക്ഷിയായ ബിജെപിക്ക് വെല്ലുവിളിയാകുന്നുണ്ട്. 90 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്.
ജനനായക് ജനതാ പാർട്ടി അടക്കമുള്ള മറ്റുള്ളവർ 14 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഉണ്ടായ ലീഡ് നിലനിർത്താനായില്ലെങ്കിൽ തുക്കു മന്ത്രിസഭയിലേക്ക് പോകുന്ന കാഴ്ചക്കാവും ഹരിയാന സാക്ഷ്യം വഹിക്കുക.ഇതോടെ മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യവുമായി ജനനായക് ജനതാ പാർട്ടി സ്ഥാനാർത്ഥി ദുഷ്യന്ത് ചൗട്ടാല രംഗത്തെത്തി.
ചൗട്ടാല കുടുംബത്തിന്റെ യഥാർത്ഥ പിൻഗാമികൾ എന്നവകാശപ്പെട്ട ജനനായക് ജനതാ പാർട്ടിയുടെ കന്നി അംഗം ആണ് ഇക്കുറി ഹരിയാനയിലേക്ക്. തെരഞ്ഞെടുപ്പിൽ ദുഷ്യന്ത് ചൗട്ടാല കിംഗ് മേക്കറാകുമെന്ന പ്രവചനങ്ങൾ തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമായിരുന്നു. അത് കൊണ്ട് തന്നെ കോൺഗ്രസ് അല്ലാതെയുള്ള ജെജെപി, ഐഎൻഎൽഡി ശിവസേന സഖ്യം നേടുന്ന വോട്ടുകളാകും ഹരിയാനയിൽ നിർണായകമാകുക.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ പത്ത് സീറ്റ് നേടി ജയം സ്വന്തമാക്കിയ ബിജെപി പൂർണ ആത്മവിശ്വാസത്തിലാണ് തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങിയത്. മനോഹർ ലാൽ ഖട്ടാറിന്റെ സ്വീകാര്യതയും പ്രചാരണരംഗത്ത് ബിജെപി സ്വന്തമാക്കിയ ഏകപക്ഷീയതയും ഭരണത്തുടർച്ചയ്ക്കായുള്ള ആഹ്വാനവുമെല്ല ഹരിയാനയിലെ വോട്ടർമാരെ സ്വാധീനിക്കാൻ പോന്നതുമായിരുന്നു. 75ൽ അധികം സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങളും.
ജാട്ട് സമുദായം നിർണായക ശക്തിയായ സംസ്ഥാനത്ത് ജാട്ട് സമുദായംഗമായ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയും മനോഹർ ലാൽ ഘട്ടാറും തമ്മിലായിരുന്നു മത്സരം. ജാട്ടിതര വോട്ടുകൾ നേടാനുള്ള ബിജെപിയുടെ ശ്രമങ്ങൾ ജയം കണ്ടോ എന്ന് തെരഞ്ഞെടുപ്പിൽ വ്യക്തമാകും. ജാട്ട് സമുദായത്തെ അകത്തി നിർത്തി ജാട്ടിതര വോട്ടുകൾ അകൗണ്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിയത് അത്രയും.
പടലപിണക്കങ്ങൾ തന്നയായിരുന്നു പതിവു പോലെ ഇത്തവണയും കോൺഗ്രസിന്റെ തലവേദന. പ്രചാരണരംഗത്ത് ദേശീയ നേതാക്കളുടെ അസാന്നിധ്യം അടക്കം തെരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു.
2014- നിയമസഭാ തെരഞ്ഞെടുപ്പില്‍ 76.54 ശതമാനം പോളിംഗാണ് ഹരിയാനയില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ശക്തമായ പ്രതിപക്ഷമില്ലാതിരുന്ന ഇത്തവണ തെരഞ്ഞെടുപ്പില്‍ ജനപ്രാതിനിധ്യവും കാര്യമായി കുറഞ്ഞു. 68 ശതമാനം പേര്‍ മാത്രമേ ഇക്കുറി വോട്ട് ചെയ്തുള്ളൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam