
ദില്ലി: 90 മണിക്കൂർ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ സംസ്ഥാനങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാൻ സഞ്ചരിക്കുന്നത് പതിനായിരത്തി എണ്ണൂറ് കിലോമീറ്റർ ദൂരം. നാല് ദിവസം നീളുന്ന പ്രധാനമന്ത്രിയുടെ യാത്രാ പരിപാടിയുടെ അവസാന ദിനമാണ് ഇന്ന്. പത്താം തീയതി തുടങ്ങിയ യാത്രയില് ദില്ലി, ത്രിപുര, രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി ആകെ 10 പൊതുപരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്. ഇന്ന് രാവിലെ ബെംഗളൂരുവിലും വൈകീട്ട് ത്രിപുരയിലും പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ന് മാത്രം സഞ്ചരിക്കുന്നത് 3350 കിലോമീറ്ററാണ്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്.
ദില്ലിയിൽ നിന്നും ജയ്പൂരിലേക്കുള്ള എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്തു. പാത രാജസ്ഥാനും ഇന്ത്യയ്ക്കും കരുത്താകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷമായി കേന്ദ്ര സർക്കാർ അടിസ്ഥാന വികസനത്തിനായി വലിയ തുകയാണ് നിക്ഷേപിച്ചതെന്നും മോദി പറഞ്ഞു. എക്സ്പ്രസ് വേയുടെ ദില്ലി ദൌസ ലാൽസൊട്ട് ഭാഗത്തിൻറെ ഉദ്ഘാടനം രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് നടന്നത്. 245 കിലോമീറ്റർ നീളത്തിലുള്ള എക്സ്പ്രസ് പാത 12,150 കോടി രൂപ ചിലവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്. ഈ പാത നിലവിൽ വരുന്നതോടെ ദില്ലിയിൽനിന്നും ജയ്പൂരിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂറോളം കുറയും. ഇതിന് പുറമെ രാജസ്ഥാനിൽ 18,100 കോടിയുടെ റോഡ് നിർമ്മാണ പദ്ധതിക്കും പ്രധാനമന്ത്രി ഇന്ന് ദൌസയിൽ തറക്കല്ലിട്ടു.
നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രചാരണത്തിന് എത്തും . അഗർത്തലയിലാണ് മോദി റാലി നടത്തുക. ശനിയാഴ്ച സംസ്ഥാനത്തെ ബിജെപിയുടെ രണ്ട് റാലികളിൽ മോദി പങ്കെടുത്തിരുന്നു. കേന്ദ്ര മന്ത്രിമാരായ സർബാനന്ദ സോനോവാൾ, സ്മൃതി ഇറാനി ഉൾപ്പെടെയുള്ളവരും സംസ്ഥാനത്ത് പ്രചരണം നടത്തുന്നുണ്ട്. കേന്ദ്ര നേതാക്കളുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് സിപിഎം പ്രചരണം നടക്കുന്നത്. അതേ സമയം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ പ്രധാനപ്പെട്ട ദേശീയ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ടില്ല. 16ന് തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ നാളെയാണ് പ്രചാരണം അവസാനിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam