നിര്‍ഭയ കേസ്: വധശിക്ഷയ്ക്ക് തയ്യാറെടുത്ത് തീഹാര്‍ ജയില്‍; പ്രതികള്‍ ഏകാന്ത തടവറയില്‍

By Web TeamFirst Published Jan 25, 2020, 2:53 PM IST
Highlights

വധശിക്ഷ നടപ്പാക്കുന്ന തിഹാറിലെ മൂന്നാം നമ്പർ ജയിലിലാണ് പ്രതികളുള്ളത്

പ്രതികൾ ആത്മഹത്യ മനോഭവമോ അക്രമ സ്വഭാവമോ കാണിക്കുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കും

ദില്ലി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ, പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഫെബ്രുവരി ഒന്നിന് തന്നെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കവുമായി ജയിൽ അധികൃതർ മുന്നോട്ടു പോകുകയാണ്. പ്രതികളെ തിഹാർ ജയിലിലെ ഏകാന്ത തടവറകളിലേക്ക് മാറ്റിക്കഴിഞ്ഞു.

വധശിക്ഷ നടപ്പാക്കുന്ന തിഹാറിലെ മൂന്നാം നമ്പർ ജയിലിലാണ് പ്രതികളുള്ളത്. ഓരോ സെല്ലിലും രണ്ട് സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. പ്രതികൾ ആത്മഹത്യ മനോഭവമോ അക്രമ സ്വഭാവമോ കാണിക്കുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കും.
ഡോക്ടർമാരുടെ സംഘം ദിവസവും ഇവരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുണ്ട്. മാനസികപ്രശ്നങ്ങൾ ഒഴിവാക്കാൻ  കൗൺസിലിംഗും നൽകുന്നുണ്ട്.

നേരത്തെ തിഹാര്‍ ജയില്‍ അധികൃതര്‍ രേഖകൾ കൈമാറുന്നില്ലെന്ന് കാട്ടിയുള്ള പ്രതി വിനയ് ശർമ്മയുടെ ഹര്‍ജി ദില്ലി പട്യാല
ഹൗസ് കോടതി തള്ളിയിരുന്നു. വിനയ് ശർമ്മ ഈ മാസം ആദ്യം വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിലായിരുന്നെന്നെന്നും ഇതിന്‍റെ മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും നല്കുന്നില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. വിഷം ഘട്ടംഘട്ടമായി നല്കിയതാണെന്നും അഭിഭാഷകൻ ആരോപിച്ചു. ജയിലിലെ ആശുപത്രിയിലും ദീൻദയാൽ ആശുപത്രിയിലും ചികിത്സയ്ക്കു
കൊണ്ടു പോയെന്നും അഭിഭാഷകൻ പറഞ്ഞു.

രേഖകൾ കൈമാറാതെ തിരുത്തൽ ഹർജിയും ദയാഹർജിയും  വൈകിപ്പിക്കാനാണ്  ജയിൽ അധികൃതരുടെ ശ്രമമെന്നും എപിസിംഗ് വാദിച്ചു. രേഖകളെല്ലാം കൈമാറിയെന്നും വധശിക്ഷ വൈകിപ്പിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.  പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി വിനയ് ശര്‍മ്മയുടെ ഹര്‍ജി തള്ളിയത്.

click me!