
ദില്ലി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധമാര്‍ഗമെന്ന നിലയ്ക്ക് തീഹാര്‍ ജയിലില്‍ നിന്ന് 400 തടവുകാരെ പുറത്തിറക്കി. 356 പേരെ ജാമ്യത്തിലാണ് വിട്ടിരിക്കുന്നത്. 63 പേരെ എമര്‍ജന്‍സി പരോള്‍ നല്‍കിയും വിട്ടിരിക്കുന്നു.
രോഗബാധയൊഴിവാക്കാന്‍ ജയിലില്‍ അവശ്യസൗകര്യങ്ങളേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി തിരക്കൊഴിവാക്കാനാണ് തടവുകാരെ പുറത്തിറക്കിയിരിക്കുന്നതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. 45 ദിവസത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. എട്ടാഴ്ചയാണ് എമര്‍ജന്‍സി പരോളിന്റെ കാലാവധി.
തടവുകാരെ ഇത്തരത്തില്‍ വിട്ടയയ്ക്കുമെന്ന തീരുമാനം ജയില്‍ അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ഏഴ് വര്‍ഷം വരെ തടവിന് വിധിക്കപ്പെട്ടവരില്‍ നിന്ന് തെരഞ്ഞെടുത്തവരെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കടുത്ത കുറ്റകൃത്യങ്ങള്‍ ചെയ്തവരോ അപകടകാരികളോ ആയവര്‍ ഇക്കൂട്ടത്തില്‍ ഇല്ലെന്നു അധികൃതര്‍ ഉറപ്പുനല്‍കുന്നു.
കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ ജയിലുകളില്‍ നിന്ന് താല്‍ക്കാലികമായി തടവുകാരെ പുറത്തിറക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ഇക്കഴിഞ്ഞ 23ന് സുപ്രീകോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam