
ദില്ലി: ലോക പ്രശസ്തമായ ടൈം മാഗസിന്‍ പുതിയ വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഗുജറാത്തിലെ കൂട്ടക്കൊലയുടെയും കലാപത്തിന്‍റെയും കാലത്ത് മോദിക്കെതിരെ അതി രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടിരുന്ന ടൈം പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. 2012 ല്‍ മോദിയെന്നാല്‍ ബിസിനസാണെന്ന് പറഞ്ഞു തുടങ്ങിയ ടൈം മാഗസിന്‍ പിന്നീട് പ്രശംസകളുമായും നിലയുറപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മോദിയെ വാഴ്ത്താനും മാഗസിന്‍ മടി കാട്ടിയിട്ടില്ല. ഇന്ത്യയെ ഒരു വര്‍ഷം കൊണ്ട് ആഗോള ശക്തിയാക്കിയ നേതാവ് എന്ന നിലയിലാണ് അന്ന് ടൈം മാഗസിന്‍ പുറത്തിറങ്ങിയത്.
എന്നാല്‍ മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് പുതിയ ലക്കം ടൈം മാഗസിന്‍ പുറത്തിറങ്ങുന്നത്. മേയ് മാസം 20 ന് പുറത്തിറങ്ങുന്ന മാഗസിന്‍റെ തലക്കെട്ട് തന്നെ മോദിയെ ഇന്ത്യയുടെ വിഭജന നായകന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യം പൊതു തെരഞ്ഞെടുപ്പിന്‍റെ അവസാന ലാപ്പിലേക്ക് കടക്കുമ്പോഴാണ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്ന മാഗസിന്‍ പതിപ്പ് പുറത്തിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.
ആഗോളതലത്തില്‍ മോദിക്ക് പ്രസക്തി നഷ്ടമാകുന്നുവെന്നാണ് ടൈം മുഖചിത്രം കാണിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഭരണം കൊണ്ട് രാജ്യത്തെ വിഭജന നായകന്‍ എന്ന വിശേഷണമാണ് ആഗോളതലത്തില്‍ മോദി സമ്പാദിച്ചതെന്ന് വിമര്‍ശകര്‍ക്ക് ചൂണ്ടികാണിക്കാന്‍ സഹായകമാകുന്നതാണ് ടൈം മാഗസിന്‍ മുഖചിത്രവും വിശകലനവും. ആതിഷ് തസീര്‍ ആണ് അഞ്ച് വര്‍ഷത്തെ മോദി ഭരണത്തെ വിലയിരുത്തിയിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഭരണകാലത്തെ മതേതരത്വവുമായി താരതമ്യം ചെയ്താല്‍ മോദി കാലത്ത് സാമൂഹ്യ സമ്മര്‍ദ്ദത്തിലേക്ക് രാജ്യം മാറിയെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. പശു സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങള്‍ കൊല്ലപ്പെടുന്നതിന് ഭരണകൂടത്തിന്‍റെ പിന്തുണയുണ്ടെന്ന വിമര്‍ശനവും ലേഖനം മുന്നോട്ട് വയ്ക്കുന്നുണ്ട്.
നേരത്തെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളുടെ പട്ടികയില്‍ ടൈം മാഗസിന്‍ മോദിക്ക് ഇടം നല്‍കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് പിന്നിലെത്താന്‍ മോദിക്ക് സാധിച്ചത് ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രചാരണം നല്‍കിയിരുന്നു. അത്തരക്കാര്‍ പുതിയ ലേഖനത്തോട് എങ്ങനെ പ്രതികരിക്കും എന്നത് കണ്ടറിയണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam