
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് രാജ്യത്തെ നശിപ്പിച്ചുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദിയെ പുറത്താക്കി രാജ്യത്തെ സംരക്ഷിക്കണമെന്നും മമത ആഹ്വാനം ചെയ്തു. ആജ് തക് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മമത.
തെരഞ്ഞെടുപ്പിനിടെ ബംഗാളിൽ മമത അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ഉയരുന്നു എന്ന് ചോദിച്ചപ്പോൾ 'തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് അല്ലാതെ ഞാനല്ല. ബിജെപി അവിടെ യാതൊരു വിധ തയ്യാറെടുപ്പുകളും നടത്തിയിട്ടില്ല. ഞാൻ ഓരു തരത്തിലുള്ള കലാപവും സൃഷ്ടിക്കുന്നില്ല. ബംഗാളിൽ നിരവധി ബൂത്തുകളും ബ്ലോക്കുകളും ഉണ്ട്. അവിടെ പോയി ബിജെപി അത്തരത്തിൽ പ്രവർത്തിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം അവർക്ക് മാത്രമാണ്' എന്നായിരുന്നു മമത പറഞ്ഞത്. പശ്ചിമ ബംഗാളിൽ യാതൊരു വിധ കലാപങ്ങളും ഇല്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
രാജ്യം സുരക്ഷിതമായി കാണാനാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ മോദിയുടെ കയ്യിൽ രാജ്യം സുരക്ഷിതമല്ല. മോദി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തിയെന്നും മമത പറഞ്ഞു. ബിജെപി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടുമെന്നും ബംഗാളിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു.
താൻ ജനാധിപത്യത്തെകുറിച്ച് സംസാരിക്കുമ്പോള്‍ മോദി വളരെ മോശം പദപ്രയോഗമാണ് നടത്തുന്നതെന്നും മമത ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് ഇതുവരെ ഹിന്ദു – മുസ്ലീം രാഷ്ട്രീയം കളിച്ചിട്ടില്ല. എല്ലാവരും നമ്മുടെ മതവും ജാതിയുമാണ്. തങ്ങൾ വിശ്വസിക്കുന്നത് ജയ് ശ്രീറാമിലല്ല ജയ്ഹിന്ദിലാണെന്നും മമത പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam