
ബെംഗളൂരു: വിവാദ പരാമർശവുമായി കർണാടക ബിജെപി പ്രസിഡന്റ് നളിൻകുമാർ കട്ടീൽ. 18ാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ പിന്മുറക്കാരും ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തരും തമ്മിലാണ് വരാൻ പോകുന്ന തെരഞ്ഞെടുപ്പെന്ന് നളിൻകുമാർ കട്ടീൽ പറഞ്ഞു. രാമന്റെയും ഹനുമാന്റെയും മണ്ണിൽ ടിപ്പുവിനെ സ്നേഹിക്കുന്നവർ ജീവിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ''നമ്മൾ രാമന്റെയും ഹനുമാന്റെയും ഭക്തരാണ്. ടിപ്പുവിന്റെ പിന്മുറക്കാരല്ല. ടിപ്പുവിന്റെ പിന്മുറക്കാരെ നമ്മൾ തിരിച്ചയക്കും. നിങ്ങൾ ഹനുമാനെ ആരാധിക്കുന്നവരാണോ അതോ ടിപ്പുവിനെ വാഴ്ത്തിപ്പാടുന്നവരാണോ. ടിപ്പുവിനെ സ്നേഹിക്കുന്നവർ ഹനുമാന്റെ മണ്ണിൽ ജീവിക്കരുത്. ശ്രീരാമ ഭജനുകൾ ആലപിക്കുന്നവരും ഹനുമാനെ ആരാധിക്കുവരുമാണ ഈ മണ്ണിൽ ജീവിക്കേണ്ടത്'' - കട്ടീൽ പറഞ്ഞു.
യെലബുർഗയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കവെയാണ് കട്ടീലിന്റെ വിവാദ പരാമർശം. പരാമർശത്തെ തുടർന്ന് കട്ടീലിനെതിരെ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വർഗീയമായി ജനങ്ങളെ വേർതിരിക്കുകയാണ് ബിജെപിയെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
ടിപ്പു സുൽത്താൻ വിരുദ്ധ പരാമർശത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബ പിന്മുറക്കാർ പ്രതികരിച്ചു. നേരത്തെ അമിത് ഷായും ടിപ്പു സുൽത്താൻ വിരുദ്ധ പരാമർശം നടത്തിയിരുന്നു. ജെഡിഎസിനും കോൺഗ്രസിനും വോട്ടുചെയ്യുന്നവർ ടിപ്പുവിന്റെ പിന്മുറക്കാർക്കാണ് പിന്തുണ നൽകുന്നതെന്നും റാണി അബ്ബക്കയെ വിശ്വസിക്കുന്നവർക്ക് നിങ്ങൾ വോട്ട് ചെയ്യണമെന്നുമാണ് അമിത് ഷാ പറഞ്ഞത്. മേയിലാണ് കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ്.
ബിജെപി നേതാവിന്റെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനമാണെന്നും നടപടിയെടുക്കണമെന്നും അസദുദ്ദീൻ ഒവൈസി എംപി പറഞ്ഞു. 2018ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ടിപ്പുവിനെതിരെ പരാമർശമുന്നയിച്ചിരുന്നു. ഇത് ഹനുമാന്റെ മണ്ണാണെന്നും ടിപ്പുവിന്റേതല്ലെന്നുമാണ് യോഗി പറഞ്ഞത്. വിജയനഗര സാമ്രാജ്യത്തിന് പകരം ടിപ്പുവിന്റെ ഭരണത്തെയാണ് കോൺഗ്രസ് ആരാധിച്ചതെന്നും അന്ന് യോഗി പറഞ്ഞിരുന്നു.
ത്രിപുരയിൽ ബിജെപിക്കെതിരെ സിപിഎമ്മും തിപ്ര മോദയും; വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam