കാണിക്കയായി നിരോധിച്ച നോട്ട്; തിരുപ്പതി ക്ഷേത്രത്തിൽ ലഭിച്ചത് 50 കോടി രൂപയുടെ പഴയ 500, 1000 നോട്ടുകള്‍

By Web TeamFirst Published Sep 17, 2020, 10:56 AM IST
Highlights

 1000 രൂപയുടെ 1.8 ലക്ഷം നോട്ടുകളും 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളുമാണ് കാണിക്കയായി ക്ഷേത്രത്തിലെത്തിയത്. 

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ ഭക്തരിൽനിന്നു കാണിക്കയായി ലഭിച്ചത് 50 കോടിയിലേറെ മൂല്യമുണ്ടായിരുന്ന നിരോധിത നോട്ടുകൾ. 1000 രൂപയുടെ 1.8 ലക്ഷം നോട്ടുകളും 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളുമാണ് കാണിക്കയായി ക്ഷേത്രത്തിലെത്തിയത്. 

ആയിരം രൂപ നോട്ടുകള്‍ക്ക്  18 കോടിയടെ  മ്യൂല്യമുണ്ടായിരുന്നു.  500 രൂപയുടെ  31.7 കോടി രൂപയുടെ മൂല്യം വരുമായിരുന്ന  നോട്ടുകളും കാണിക്കയായി എത്തി. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി ക്ഷേത്രം. 

കേന്ദ്രസർക്കാർ 2016 നവംബർ എട്ടിന് 1000, 500 നോട്ടുകൾ നിരോധിച്ചതാണ്. നോട്ട് നിരോധനം വന്നെങ്കിലും ഭക്തർ ഇവ കാണിക്കയായി നൽകുന്നത് തുടരുകയായിരുന്നുവെന്നും പണം റിസർവ് ബാങ്കിലോ മറ്റേതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ നിക്ഷേപിക്കാൻ അനുവദിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും തിരുപ്പതി  ദേവസ്ഥാനം  ചെയർമാൻ വൈ.വി. സുബ്ബ അറിയിച്ചു. 

12 ക്ഷേത്രങ്ങളും അവയുടെ ഉപ ആരാധനാലയങ്ങളും ചേർന്നതാണ് തിരുമല തിരുപ്പതി ദേവസ്ഥാനം. ഇവിടേക്ക് എത്തിയ കാണിക്കയിലാണ് നിരോധിച്ച നോട്ടുകളുഴള്ളത്. പഴയ നോട്ടുകളുമായി ബന്ധപ്പെട്ട് 2017-ൽ ടി.ടി.ഡി. കേന്ദ്ര ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും  കത്തെഴുതിയിരുന്നുവെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. 

click me!