നാല് ഭാ​ഗത്തുനിന്നും ആരോപണ ശരങ്ങൾ, പരാതി; നേരിടാൻ മഹുവ മൊയിത്ര മാത്രം, ഒന്നും മിണ്ടാതെ മമതയും തൃണമൂലും

Published : Oct 22, 2023, 09:14 AM IST
നാല് ഭാ​ഗത്തുനിന്നും ആരോപണ ശരങ്ങൾ, പരാതി; നേരിടാൻ മഹുവ മൊയിത്ര മാത്രം, ഒന്നും മിണ്ടാതെ മമതയും തൃണമൂലും

Synopsis

തനിക്ക് വേണ്ടി നേരിട്ട് ചോദ്യങ്ങൾ തയ്യാറാക്കാൻ മഹുവ തന്റെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും നൽകിയെന്ന് സമ്മതിച്ച് വ്യവസായി ദർശൻ ഹിരാനന്ദാനി സമർപ്പിച്ച സത്യവാങ്മൂലം പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റിയുടെ മുന്നിലാണ്.

 ദില്ലി: ലോക്‌സഭയിൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് കോഴ കൈപ്പറ്റിയെന്ന് തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ ഉയർന്ന ആരോപണത്തിൽ കൃത്യമായ അകലവും മൗനവും പാലിച്ച് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പാർട്ടി നേതൃത്വവും. വിവാദ വിഷയത്തിൽ തൃണമൂൽ മൗനം പാലിക്കുന്നത് പാർട്ടിക്കുള്ളിൽ മുറുമുറുപ്പുകൾക്ക് കാരണമാകുന്നുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോപണത്തിന്റെ എല്ലാ ഭാരവും മഹുവയിൽ തന്നെ ഏൽപ്പിച്ച് കാത്തിരുന്ന് കാണുക എന്ന നയമാണ് തൃണമൂൽ സ്വീകരിക്കുന്നത്.

നടപടിക്രമം അതിന്റേതായ രീതിയിൽ എടുക്കട്ടെ. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് മുതിർന്ന ടിഎംസി നേതാവ് ശനിയാഴ്ച പറഞ്ഞത്. ബിജെപി എംപി നിഷികാന്ത് ദുബെ മഹുവക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി മമത ബാനർജിയോ  അനന്തരവൻ അഭിഷേക് ബാനർജിയോ മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവോ ഇതുവരെ രംഗത്തെത്തിയിട്ടില്ലെന്നും ശ്രദ്ധേയം.

അതേസമയം, തനിക്കെതിരെയുള്ള ആരോപണത്തെ ഒറ്റക്കാണ് മഹുവ നേരിടുന്നത്. വിഷയത്തിൽ അഭിപ്രായമില്ലെന്നാണ് അഭിഷേക് ബാനർജിയുമായി അടുത്ത നേതാവ് കുനാൽ ഘോഷ് പറഞ്ഞത്. മഹുവയെക്കുറിച്ച് പാർട്ടിക്ക് ഒന്നും പറയാനില്ല. ഈ വിഷയത്തിൽ ടിഎംസി ഒരു പ്രതികരണവും പുറപ്പെടുവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ഈ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. എന്തെങ്കിലും പറയേണ്ടതുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയിൽ നിന്നോ അഭിഷേകിൽ നിന്നോ ഉണ്ടാകുമെന്ന് മറ്റൊരു ടിഎംസി നേതാവും വ്യക്തമാക്കി.

ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതുകയും സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ സഭയിൽ നിന്ന് മഹുവയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

തനിക്ക് വേണ്ടി നേരിട്ട് ചോദ്യങ്ങൾ തയ്യാറാക്കാൻ മഹുവ തന്റെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും നൽകിയെന്ന് സമ്മതിച്ച് വ്യവസായി ദർശൻ ഹിരാനന്ദാനി സമർപ്പിച്ച സത്യവാങ്മൂലം പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റിയുടെ മുന്നിലാണ്. ലോഗിൻ ഐഡിയും പാസ്‌വേഡും പങ്കിട്ടെന്ന ആരോപണത്തിന് പിന്നാലെ, എല്ലാ എംപിമാരുടെയും വിശദാംശങ്ങൾ പുറത്തുവിടാൻ മഹുവ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിനോട് (എൻഐസി) അഭ്യർത്ഥിച്ചു.

എംപിമാരുടെ എല്ലാ വിശദാംശങ്ങളും പരസ്യമായി പുറത്തുവിടാൻ എൻഐസിയോട് അഭ്യർഥിക്കുകയാണ്. മെയിലുകൾ തുറന്ന സാഹചര്യങ്ങളിൽ എംപിമാർ അവിടെ ഹാജരാണോ എന്ന് പരിശോധിക്കുക. ചോർച്ചയ്ക്കായി വ്യാജ ഡിഗ്രിക്കാരെ ഉപയോ​ഗിക്കരുത്. എല്ലാം പരസ്യമാക്കൂവെന്നും അവർ ശനിയാഴ്ച എക്‌സിൽ (ട്വിറ്ററിൽ) എഴുതി. ഈ വർഷം മാർച്ചിൽ, നിഷികാന്ത് ദുബെയുടെ എംബിഎ, പിഎച്ച്ഡി ബിരുദങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വം അവസാനിപ്പിക്കണമെന്ന് മഹുവ ആവശ്യപ്പെട്ടിരുന്നു. എത്തിക്‌സ് കമ്മിറ്റി ചെയർമാൻ മാധ്യമങ്ങളോട് തുറന്ന് സംസാരിച്ചതിനെയും മഹുവ വിമർശിച്ചു. ഹിരാനന്ദാനിയുടെ സത്യവാങ്മൂലം എങ്ങനെ ചോർന്നുവെന്ന് അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, മഹുവ മൊയിത്രയ്ക്കെതിരെ ലോക്പാലിന് പരാതി നൽകി നിഷികാന്ത് ദുബെ. മഹുവയുടെ പാർലമെൻറ് അക്കൗണ്ട് ദുബൈയിൽ ഉപയോഗിച്ചെന്നാണ് പരാതി. മഹുവ ഇന്ത്യയിലുള്ളപ്പോഴാണ് വിദേശത്ത് അക്കൗണ്ട് തുറന്നതെന്ന് ഏജൻസികൾ കണ്ടെത്തിയെന്ന് ദുബെ ആരോപിച്ചു. പൊലീസ് സംരക്ഷണം വേണമെന്ന് മഹുവയ്ക്കെതിരെ പരാതി നൽകിയ ആനന്ദ് ദെഹദ്രൈ ആവശ്യപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറക്കുമതി ചെലവ് ഇടിഞ്ഞു, ക്രൂഡ് ഓയിൽ വിലയിൽ 12ശതമാനം കുറവ്, പക്ഷേ സാധാരണക്കാ‍ർക്ക് ഗുണമൊന്നുമില്ല
ക്രിസ്മസ് പ്രാര്‍ത്ഥന യോഗത്തിനിടെ നാഗ്‍പൂരിൽ മലയാളി വൈദികനും ഭാര്യയും സഹായിയും കസ്റ്റഡിയിൽ