
വ്യാജവാക്സിന്‍ സ്വീകരിച്ച എംപി ചികിത്സ തേടി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മിമി ചക്രബര്‍ത്തിയാണ് ശനിയാഴ്ച വൈദ്യ സഹായം തേടിയത്. നിര്‍ജ്ജലീകരണവും വയറുവേദനയും രൂക്ഷമായതിന് പിന്നാലെയാണ് ഇത്. കൊല്‍ക്കത്തയില്‍ നടന്ന വാക്സിനേഷന്‍ ക്യാംപില്‍ നിന്ന് വ്യാജ വാക്സിന്‍ സ്വീകരിച്ച് ഏതാനും ദിവസങ്ങള്‍ പിന്നിട്ടതോടെയാണ് മിമി ചക്രബര്‍ത്തിയുടെ ആരോഗ്യ നില മോശമായത്. കൊവിഡ് വാക്സിന്‍ എന്ന പേരില്‍ വിതരണം ചെയ്ത വ്യാജ വാക്സിന്‍റെ പ്രത്യാഘാതങ്ങളാണോ രോഗബാധയെന്ന് ഇനിയും വന്യക്തമായിട്ടില്ല.
മിമി ചക്രബര്‍ത്തിയുടെ രക്തസമ്മര്‍ദ്ദവും കുറഞ്ഞ നിലയിലാണ്. കരള്‍ സംബന്ധിയായ രോഗങ്ങള്‍ അലട്ടുന്ന വ്യക്തി കൂടിയാണ് മിമി. കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്തയില്‍ വ്യാജ വാക്സിനേഷന്‍ ക്യാംപ് നടന്നത്. ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് 28 വയസുള്ള ദേബന്‍ജന്‍ ദേബ് എന്നയാളാണ് വ്യാജ വാക്സിനേഷന്‍ ക്യാംപ് സംഘടിപ്പിച്ചത്. കൊല്‍ക്കത്തയിലെ കസബയില്‍ നടന്ന ഈ ക്യാമ്പിലെ ആദ്യത്തെ വാക്സിന്‍ കുത്തിവയ്പ്പ് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തത് മിമി ചക്രബര്‍ത്തിയായിരുന്നു. എന്നാല്‍ വാക്സിന്‍ കുത്തിവയ്പ്പ് എടുത്ത ശേഷവും വാക്സിന്‍ എടുത്തു എന്ന സന്ദേശമോ, സര്‍ട്ടിഫിക്കറ്റോ ലഭിച്ചില്ല. ഇതോടെ സംശയം തോന്നിയ മിമി ക്യാമ്പ് അധികൃതരോട് കാര്യം തിരക്കി. ഇപ്പോഴാണ് നാല് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും എന്ന മറുപടി ലഭിച്ചത്. ഇതില്‍ സംശയം തോന്നിയ മിമി ചക്രബര്‍ത്തി തന്നെയാണ് ക്യാംപ് സംബന്ധിച്ച വിവരം പൊലീസിനെ അറിയിച്ചത്.
ആറ് ദിവസത്തിനുള്ളില്‍ കസബയിലെ ക്യാമ്പില്‍ നിന്നും 250 പേര്‍ക്ക് വ്യാജ വാക്സിന്‍ കുത്തിവയ്പ്പ് നല്‍കിയെന്നാണ് കൊല്‍ക്കത്ത പൊലീസ് പറയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ ദേബ് ഇത്തരം വ്യാജ വാക്സിനേഷന്‍ ക്യാമ്പുകള്‍ വടക്കന്‍ കൊല്‍ക്കത്തയിലും, സെന്‍ട്രല്‍ കൊല്‍ക്കത്തയിലും നടത്തിയതായി തെളിഞ്ഞു. ഇയാള്‍ ജൂണ്‍ 3ന് സോനാര്‍പൂരിലും ഒരു വ്യാജ വാക്സിനേഷന്‍ പരിപാടി നടത്തിയെന്ന് വ്യക്തമായിട്ടുണ്ട്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വണ്ടിയില്‍ അവര്‍ നിയോഗിച്ച ഐഎഎസ് ഓഫീസര്‍ എന്ന നിലയിലാണ് ഇയാള്‍ വാക്സിനേഷന്‍ പരിപാടി നടത്തിയത്. അതേ സമയം ഇയാള്‍ വാക്സിനേഷന്‍ എന്ന് പറഞ്ഞ് കുത്തിവച്ചത് എന്താണെന്ന് സംബന്ധിച്ച് പരിശോധിക്കാന്‍ പിടിച്ചെടുത്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പൊലീസ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam