അടിയില്ല, ചോര ചീന്തിയില്ല; 2018 ൽ പണികഴിപ്പിച്ച തൃണമൂൽ ഓഫീസ് ബിജെപിക്ക് സമ്മാനിച്ചു; ജനങ്ങളുടെ ആവശ്യം നിറവേറ്റാനെന്ന് നേതാവ്

Published : Jun 03, 2026, 10:51 AM IST
Nabadwip

Synopsis

പശ്ചിമ ബംഗാളിലെ നബദ്വീപിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പാർട്ടി ഓഫീസ് ബിജെപിക്ക് വിട്ടുനൽകി. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ, പ്രദേശത്തെ ജനങ്ങളുടെ വികസനം മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് വാർഡ് പ്രസിഡന്റ് വ്യക്തമാക്കി. എന്നാൽ തങ്ങൾ ബിജെപിയിൽ ചേരില്ലെന്നും അവർ അറിയിച്ചു.

കൊൽക്കത്ത: ബിജെപി അധികാരത്തിലെത്തിയ പശ്ചിമ ബംഗാളിൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായ തൃണമൂൽ കോൺഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിൽ നിന്ന് പാർട്ടി ഓഫീസുകൾ തിരിച്ചുപിടിക്കുന്ന തിരക്കിലാണ് സിപിഎം. അതിനിടെയാണ് അപൂർവമായ സംഭവം നാദിയ ജില്ലയിലെ നബദ്വീപിൽ നടന്നത്. പ്രദേശത്തെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പാർട്ടി ഓഫീസ് ബിജെപിക്ക് വിട്ടുനൽകി. താക്കോലും ബിജെപി നേതാക്കൾക്ക് കൈമാറി.

തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി പിളർപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ സംഭവം. നബദ്വീപ് മോത്തിലാൽ റോഡിലുള്ള തൃണമൂൽ കോൺഗ്രസിന്റെ വാർഡ് നമ്പർ 12 ഓഫീസ് കെട്ടിടത്തിന്റെ താക്കോൽ, ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സാധനങ്ങളടക്കമാണ് ബിജെപിക്ക് കൈമാറിയത്. തൃണമൂൽ നേതാവും വാർഡ് പ്രസിഡന്റുമായ പ്രബീർ കുമാർ ദാസാണ് ബിജെപിയുടെ പ്രാദേശിക നേതാവായ അയാൻ ബിശ്വാസിന് ഓഫീസ് കൈമാറിയത്.

സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം 2018-ൽ നിർമ്മിച്ചതാണ് ഈ ഓഫീസ് കെട്ടിടം. തൃണമൂൽ കോൺഗ്രസിന്റെ പേരിലുള്ള സ്വന്തം ഭൂമിയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ എല്ലാ നിയമപരമായ രേഖകളും ആധാരങ്ങളും പാർട്ടിയുടെ പേരിൽ തന്നെയാണ്. ഒരു മാസം മുൻപ് വരെ ജനത്തിരക്കുണ്ടായിരുന്ന ഓഫീസിൽ, തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ആരും വരാതായി. പ്രദേശത്തെ ജനങ്ങളുടെ താല്പര്യവും വികസനവും മുൻനിർത്തിയാണ് ഓഫീസ് ബിജെപിക്ക് കൈമാറാൻ തങ്ങൾ ഒരുമിച്ച് തീരുമാനിച്ചതെന്നും പ്രബീർ കുമാർ ദാസ് വ്യക്തമാക്കി.

ഈ തീരുമാനം തികച്ചും സ്വമേധയാ എടുത്തതാണെന്നും ആരുടെയും രാഷ്ട്രീയ സമ്മർദ്ദം കൊണ്ടല്ലെന്നും ദാസ് കൂട്ടിച്ചേർത്തു. തങ്ങൾ ബിജെപിയിലേക്ക് ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നബദ്വീപ് മണ്ഡലത്തിൽ തൃണമൂലിന്റെ പുണ്ഡരീകാക്ഷ സാഹയെ പരാജയപ്പെടുത്തി ബിജെപിയുടെ ശ്രുതിശേഖർ ഗോസ്വാമിയാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ ചിലർ ഈ കെട്ടിടത്തിന് ഭാഗികമായി കാവി നിറം പൂശിയിരുന്നു. എന്നാൽ പിന്നീട് പുതിയ ബിജെപി എംഎൽഎ ശ്രുതിശേഖർ ഗോസ്വാമി ഇടപെട്ട് കെട്ടിടം വീണ്ടും പഴയപടിയാക്കി. ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ നബദ്വീപ് നഗരസഭാ ചെയർമാനും പ്രാദേശിക നേതാവുമായ ബിമൻ കൃഷ്ണ സാഹ അറസ്റ്റിലായതും താഴെത്തട്ടിലുള്ള ടിഎംസി പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിച്ചതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പഹൽഗാം ഭീകരാക്രമണം; പുതിയ കണ്ടെത്തലുമായി എൻഐഎ, ഭീകരർ ഉപയോഗിച്ച ഫോണുകൾ ചൈനയിൽ നിന്ന് പാകിസ്ഥാനിൽ എത്തിയത്, ഹമാസ് ബന്ധത്തിലും അന്വേഷണം
മമത ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി; പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാരും 6 എംപിമാരും മാത്രം, തൃണമൂൽ പിളർപ്പിലേക്കെന്ന സൂചന ശക്തം