
ചെന്നൈ: തമിഴ്നാട്ടിൽ വീട്ടമ്മമാർക്കുള്ള പ്രതിമാസ വേതന പദ്ധതിയിൽ ഈ മാസത്തെ വിഹിതം കൈമാറി. 1000 രൂപ രാവിലെ ബാങ്ക് അക്കൌണ്ടിൽ എത്തി. പദ്ധതിയിൽ ചില മാറ്റങ്ങൾ വരുമെന്ന് ഇന്നലെ വിജയ് സർക്കാർ അറിയിച്ചിരുന്നു. 60 വയസ്സിന് മുകളിൽ പ്രായം ഉള്ളവരെ വാർദ്ധക്യപെൻഷൻ പദ്ധതിയിലേക്ക് മാറ്റി പ്രതിമാസം 1500 രൂപ നൽകാൻ ആലോചന എന്ന് സൂചന. 2500 രൂപ ആയിരുന്നു വിജയ് യുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത നിലവിലുള്ള 58 ശതമാനത്തിൽ നിന്നും 60 ശതമാനമായി വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിന് പിന്നാലെയാണ് പുതിയ ഉത്തരവ്. വർദ്ധനവിന് 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് സംസ്ഥാനത്തെ ഏകദേശം 16 ലക്ഷം പേർക്ക് ഗുണകരമാകുന്നതാണ് ഉത്തരവ്. സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തീരുമാനം നടപ്പാക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് പ്രതിവർഷം 1,230 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടാകുമെന്നും വിവരമുണ്ട്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷേമം കണക്കിലെടുത്താണ് ഈ അധിക തുക അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാന ജീവനക്കാരുടെയും ക്ഷേമം മുൻനിർത്തി തമിഴ്‌നാട് സർക്കാർ ഈ തീരുമാനമെടുത്തതെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam