
റാഞ്ചി: ഡിജിറ്റൽ യുഗത്തിന്‍റെ സാധ്യതകൾ ഉപയോഗിച്ച് രാജ്യത്തെ യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ വ്യക്തമാക്കി. ജാർഖണ്ഡിലെ റാഞ്ചിയിൽ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലിയിലെ ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. വൻ സാമ്പത്തിക ശേഷിയുള്ളവരും അധികാരക്കൊതിയന്മാരുമായ ചില ഉന്നതർ 'ജെൻ-സീ' എന്ന ലേബൽ ഉപയോഗിച്ച് രാജ്യത്ത് അരാജകത്വം വിതയ്ക്കാൻ ആസൂത്രിത പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ പ്രവർത്തിച്ചിരുന്ന, യുഎസിൽ നിന്ന് തിരിച്ചെത്തിയ അഭിജീത് ദിപ്കെ (30) ആണ് ജന്തർ മന്തറിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചില ആളുകൾ വിദേശത്തിരുന്ന് കൊണ്ട് ഇന്ത്യയിലെ യുവാക്കൾക്ക് ദിശാബോധം നൽകാൻ കഴിയുമെന്ന് വിചാരിക്കുന്നുണ്ടെന്ന് നിതിൻ നബിൻ പരിഹസിച്ചു. ചുരുക്കം ചില ആളുകളുടെ കൈയിലെ പാവകളായി മാറാൻ ഇന്ത്യൻ യുവത്വം തയ്യാറല്ലെന്നും ബിജെപി ദേശീയ അധ്യക്ഷൻ പറഞ്ഞു.
പ്രതിഷേധക്കാർക്ക് പ്രതിപക്ഷത്തെ നേതാക്കൾ നൽകുന്ന പിന്തുണ ചൂണ്ടിക്കാട്ടി ഇതിന് പിന്നിലെ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് നിതിൻ നബിൻ ആരോപിച്ചു. യുവാക്കളുടെ കഠിനാധ്വാനത്തിന്റെയും കരുത്തിന്റെയും ബലത്തിലാണ് രാജ്യം മുന്നോട്ട് കുതിക്കുന്നത്. രാജ്യത്തെ യുവാക്കളെ നിഷേധാത്മക രാഷ്ട്രീയത്തിലേക്ക് തള്ളിവിടാൻ ആഗ്രഹിക്കുന്നവർക്ക് തെറ്റി. ഇന്ത്യയിലെ യുവത്വം എപ്പോഴും സർഗ്ഗാത്മക രാഷ്ട്രീയത്തിൽ മാത്രമേ പങ്കാളികളാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ രീതിയിലും പ്രതിഷേധിക്കാൻ അവകാശമുണ്ടെങ്കിലും ജനാധിപത്യത്തിന്റെ മൂല്യങ്ങൾ തകർക്കാൻ അനുവദിക്കില്ലെന്ന് നിതിൻ നബിൻ വ്യക്തമാക്കി.
അഭിജീത് ദിപ്കെ തുടങ്ങിയ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന വെബ്‌സൈറ്റും അതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വളരെ വേഗം വൈറലായി. ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടിയ ദിപ്കെ, കഴിഞ്ഞ ദിവസം ഇന്ത്യയിൽ തിരിച്ചെത്തി. ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ച് രാജ്യത്തെ യുവജന വിപ്ലവത്തെ തെറ്റായ ദിശയിലേക്ക് തിരിച്ചുവിടാൻ ഒരിക്കലും അനുവദിക്കില്ലെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞു. അതുകൊണ്ട് വികസിത ഭാരതം കെട്ടിപ്പടുക്കണമെങ്കിൽ രാജ്യത്തെ യുവാക്കൾ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam