വെടിയേറ്റ് മന്ത്രി മരിച്ചു, യാത്ര ക്ലൈമാക്സ് എങ്ങനെ? തിരുവല്ലത്ത് ഇരട്ടി വേദന, ചിന്തക്കെതിരെ പരാതി: 10 വാർത്ത

By Web TeamFirst Published Jan 29, 2023, 6:34 PM IST
Highlights

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പദയാത്രക്ക് സമാപനമായി. നാളെ നടക്കുന്ന പൊതു സമ്മേളനത്തോടെ ഭാരത് ജോഡോ യാത്രക്ക് സമാപനമാകും

1 വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു, അന്ത്യം ഭുവനേശ്വറിലെ ആശുപത്രിയിൽ

ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രി വെടിയേറ്റു മരിച്ചു എന്നതാണ് ഇന്നത്തെ പ്രധാന വാർത്തന്ന്. ജാർസുഗുഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ പോകുമ്പോഴാണ് നവ ദാസിന് വെടിയേറ്റത്. ഒഡിഷ പൊലീസ് എഎസ്ഐ ഗോപാൽ ദാസാണ് വെടിയുതിർത്തത്. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഔദ്യോഗിക റിവോൾവർ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിർത്തുവെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്. മന്ത്രി നവ ദാസിന്റെ നെഞ്ചിലാണ് വെടിയേറ്റത്. അക്രമി രണ്ട് തവണ വെടിയുതിർത്തു. അത്യാസന്ന നിലയിലായ ആരോഗ്യ മന്ത്രി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ബിജെഡി പാർട്ടിയുടെ മുതിർന്ന നേതാവ് കൂടിയാണ് നവ ദാസ്. ഇദ്ദേഹത്തിന്‍റെ കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

2 ഭാരത് ജോഡോ യാത്രക്ക് നാളെ സമാപനം,സമാപന സമ്മേളനത്തിൽ 13 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പദയാത്രക്ക് സമാപനമായി. നാളെ നടക്കുന്ന പൊതു സമ്മേളനത്തോടെ ഭാരത് ജോഡോ യാത്രക്ക് സമാപനമാകും. പന്താചൗക്കിൽ നിന്ന് ഇന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങിയ പദ യാത്ര 12 മണിക്ക് ലാൽ ചൗക്കിലാണ് അവസാനിച്ചത്. തുടർന്ന് രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയതോടെ പദയാത്രക്ക് സമാപനമായി. നാളെ നടക്കുന്ന സമാപന സമ്മേളനത്തോടെ ഭാരത് ജോഡോ യാത്രയിൽ 13 കക്ഷികൾ പങ്കെടുക്കും. പങ്കെടുക്കാത്ത പാ‍ർട്ടികൾക്കെതിരെ വിമർശനവുമായി കോണഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ജെഡിയു ,ജെഡിഎസ്, തൃണമൂൽ കോൺഗ്രസ്, സി പി എം തുടങ്ങിയ കക്ഷികളാണ് പ്രധാനമായും വിട്ടു നിൽക്കുന്നത്.

3 'കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി, ഇന്ത്യൻ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വാർത്തകൾ', ബിബിസിക്കെതിരെ അനിൽ ആന്റണി

ബിബിസിക്കെതിരെ വീണ്ടും കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി രംഗത്തെത്തി. കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാർത്തകൾ മുമ്പ് പലതവണ ബിബിസി നൽകിയിട്ടുണ്ടെന്നും അനിൽ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്തു കൊണ്ട് ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചാണ് അനിലിന്റെ ട്വീറ്റ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും അനിലിനെതിരെ നേരത്തെ വിമർശനമുന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശിനെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

4 തിരുവല്ലം ബൈപ്പാസിലെ റേസിംഗ് അപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു

തിരുവല്ലം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. കഴുത്ത് ഒടിഞ്ഞ് ശരീരമാസകലം പരിക്കുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇൻസ്റ്റാഗ്രാം റീൽസിൽ വീഡിയോ ഇടാനായി റേസിംഗ് ഷൂട്ട് ചെയ്യുകയായിരുന്നു അരവിന്ദ് എന്നാണ് പൊലീസ് നൽകുന്ന വിവരം. അതിവേഗതയിൽ വന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന വീട്ടമ്മയെ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അരവിന്ദും ഇടിയേറ്റ മരിച്ച സന്ധ്യും മീറ്ററുകളോളം തെറിച്ചാണ് വീണത്. സന്ധ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.

5 പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്ക്

പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചതാണ് ഇന്നത്തെ മറ്റൊരു വാർത്ത. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് പോളണ്ടിൽ കുത്തേറ്റ് മരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്കും ആക്രമണത്തിൽ പരിക്കേറ്റു. ജോർജിയൻ പൗരന്മാരുമായുള്ള വാക്കു തർക്കത്തിനിടെയാണ് സംഭവം. ഇവരിലൊരാളുടെ കുത്തേറ്റാണ് സൂരജ് മരിച്ചതെന്നാണ് വിവരം. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ - സന്ധ്യ ദമ്പതികളുടെ മകനാണ്‌ മരിച്ച സൂരജ്. അഞ്ച് മാസം മുമ്പാണ് ഇദ്ദേഹം പോളണ്ടിലേക്ക് പോയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സൂരജിന്റെ മരണ വിവരം സുഹൃത്തുക്കളാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്.

6 'ഇസ്ലാമിക രാജ്യങ്ങളേക്കാള്‍ മതസ്വാതന്ത്ര്യം ഇന്ത്യയിൽ'; എപി നേതാവിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മുസ്ലിംലീഗ്

സൗദി അറേബ്യ അടക്കമുളള ഇസ്ളാമിക രാജ്യങ്ങളേക്കാള്‍ മതസ്വാതന്ത്ര്യമുളള രാജ്യമാണ് ഇന്ത്യയെന്ന് സമസ്ത എപി വിഭാഗം സെക്രട്ടറി പൊന്‍മള അബ്ദുള്‍ ഖാദര്‍ മുസ്ല്യാരുടെ പ്രസ്താവനയോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാക്കൾ രംഗത്തെത്തിയതാണ് മറ്റൊരു വാർത്ത. മുസ്ലീങ്ങൾ രാജ്യത്ത് വെല്ലുവിളികൾ നേരിടാത്തതിന്‍റെ കാരണം ഇന്ത്യയുടെ ഭരണഘടനയുടെ ശക്തിയാണെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടത്. അത് നിലനിർത്താനാണ് ലീഗിന്റെ അടക്കം പോരാട്ടമെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ചില ഭീഷണികൾ ഉണ്ടാകുന്നുണ്ട് എന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

7 ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയും, ടൂറിസം കൗൺസിലിൽ അഴിമതി: വിമർശനവുമായി ജി.സുധാകരൻ

ആരോഗ്യം, ടൂറിസം വകുപ്പുകളെ വിമർശിച്ച് സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ രംഗത്തെത്തിയതാണ് മറ്റൊരു വാ‍ർത്ത. ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയുമാണ് കാണുന്നതെന്നും മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. ആലപ്പുഴ മെഡിക്കൽ കോളേജിൻ്റെ വികസനം എവിടെയും എത്തിയില്ലെന്നും ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓണത്തിനും വിഷുവിനും സാധനം വിലകുറച്ചു നൽകുന്നതല്ല ആസൂത്രണം. ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ പരിഷ്കാരങ്ങൾ വേണം. ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും തോടുകളും ആണ് ഇപ്പോഴും കാണുന്നത്. അതിനൊന്നും പരിഹാരമാകുന്നില്ല.കനാലുകൾ ആധുനികവൽക്കരിച്ചില്ല. ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെ അയ്യേര് കളിയാണ് നടക്കുന്നെതെന്നും സുധാകരൻ പറഞ്ഞു.

8 ചിന്ത ജെറോമിനെതിരെ കോപ്പിയടി ആരോപണം: ഗവേഷണ പ്രബന്ധത്തിൽ ഓൺലൈൻ ലേഖനത്തിലെ ഭാഗങ്ങൾ

യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതെന്ന് പരാതി ഉയർന്നതാണ് മറ്റൊരു വാർത്ത. ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പി അടിച്ചതാണെന്നു പരാതി. ഈ വെബ്സൈറ്റിലെ ലേഖനം ചിന്തയുടെ തീസിസിൽ പകർത്തി എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി സംഭവത്തിൽ കേരള വിസിക്ക് പുതിയ പരാതി നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു. ചിന്താ ജെറോമിന്‍റെ  ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്‍റെ  പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്.

9 'ഡിഎഫ്ഒ യുടെ അപ്പനാണോ പടയപ്പ? അളിയനാണോ അരിക്കൊമ്പൻ?'; വനം വകുപ്പിനെതിരെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

കാട്ടാന ശല്യത്തിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജില്ല സെക്രട്ടറി സി വി വര്‍ഗീസ് രംഗത്തെത്തിയതാണ് മറ്റൊരു വാ‍ർത്ത. പടയപ്പയെ പ്രകോപിപ്പിച്ചു എന്ന് പറഞ്ഞ് ഡ്രൈവർക്കെതിരെ കേസ് എടുത്ത നടപടി ശരിയായില്ലെന്ന് പറഞ്ഞ വർഗീസ്, ഡിഫ്ഒയുടെ അപ്പനാണോ പടയപ്പ എന്നും ചോദിച്ചു. ഉദ്യോഗസ്ഥർ ആനക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുന്നു. ഡിഎഫ്ഒയുടെ അളിയനാണോ അരിക്കൊമ്പൻ. എൽ ഡി എഫ് സർക്കാരിനതിരെ ജനരോഷം ഉണ്ടാക്കാൻ വനം വകുപ്പ് ഉദ്യോഗസ്‌ഥർ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു ശാന്തന്‍പാറ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത്.

10 കിംഗ് ഈസ് ബാക്ക്; ജോക്കോവിച്ചിന് 10-ാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം; നദാലിന്‍റെ ഗ്രാന്‍സ്ലാം നേട്ടത്തിനൊപ്പം

ഓസ്ട്രേലിയന്‍ ഓപ്പണ്‍ നൊവാക് ജോക്കോവിച്ച് സ്വന്തമാക്കിയതാണ് കായികലോകത്തെ പ്രധാന വാർത്ത. ഫൈനലില്‍ ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തളച്ചാണ് 35കാരനായ ജോക്കോ കിരിടത്തിൽ മുത്തമിട്ടത്. ഇതോടെ ജോക്കോ ഏറ്റവും കൂടുതല്‍ ഗ്രാന്‍‌സ്ലാം കിരീടം നേടിയ റാഫേല്‍ നദാലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി. നദാലിനും ജോക്കോയ്‌ക്കും 22 കിരീടം വീതമായി. സ്കോര്‍: 6-3, 7-6(7-4), 7-6(7-5). ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന്‍റെ പത്താം കിരീടം കൂടിയാണിത്. ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ വനിതാ വിഭാഗത്തില്‍ നേരത്തെ ബെലാറൂസിന്‍റെ അരീന സബലെങ്ക കിരീടം നേടിയിരുന്നു.

click me!