കക്കൂസ് വൃത്തിയാക്കല്‍ പരാമര്‍ശം; പ്രഗ്യ സിംഗിനെതിരെ ബിജെപി ദേശീയ നേതൃത്വം

By Web TeamFirst Published Jul 22, 2019, 5:11 PM IST
Highlights

പ്രഗ്യയുടെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നേരത്തെ മഹാത്മാഗാന്ധി ഘാതകനെ രാജ്യസ്നേഹി എന്നുവിളിച്ചതിനും ബിജെപി നേതൃത്വത്തിന്‍റെ അതൃപ്തിക്ക് കാരണമായിരുന്നു.

ദില്ലി: നിങ്ങളുടെ കക്കൂസ് വൃത്തിയാക്കനല്ല എന്നെ എംപിയായി തെരഞ്ഞെടുത്തതെന്ന പ്രഗ്യ സിംഗ് ഠാക്കൂറിന്‍റെ പ്രസ്താവനക്കെതിരെ ബിജെപി നേതൃത്വം.  വിവാദ പ്രസ്താവനയെ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദ തള്ളിപ്പറഞ്ഞു. പ്രഗ്യയെ ബിജെപി ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി നദ്ദ അതൃപ്തി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ കളിയാക്കുന്ന തരത്തിലാണ് പ്രസ്താവനയെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലാണ് വിവാദ പരാമര്‍ശം നടത്തിയത്.

അഴുക്ക് ചാല്‍ വൃത്തിയാക്കുകയും നിങ്ങളുടെ കക്കൂസ് കഴുകുകയുമല്ല ഞങ്ങളുടെ ജോലി. അതിനല്ല എംപിമാരെ തെരഞ്ഞെടുത്തത് എന്നായിരുന്നു പ്രഗ്യയുടെ പരാമര്‍ശം. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായില്ല. പ്രഗ്യയുടെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. നേരത്തെ മഹാത്മാഗാന്ധി ഘാതകനെ രാജ്യസ്നേഹി എന്നുവിളിച്ചതിനും ബിജെപി നേതൃത്വത്തിന്‍റെ അതൃപ്തിക്ക് കാരണമായിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍നിന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെ തോല്‍പ്പിച്ചാണ് പ്രഗ്യ എംപിയായത്. മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയാണ് പ്രഗ്യ സിംഗ് ഠാക്കൂര്‍. 

click me!