ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 11 മരണം, ഇരുപതിലധികം പേരെ കാണാതായി

Published : Sep 15, 2019, 04:04 PM ISTUpdated : Sep 15, 2019, 06:09 PM IST
ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 11 മരണം,  ഇരുപതിലധികം പേരെ കാണാതായി

Synopsis

അപകടം നടക്കുമ്പോൾ പതിനൊന്ന് ജീവനക്കാരടക്കം 63 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ പറയുന്നു.

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞു 11 വിനോദസഞ്ചാരികൾ മരിച്ചു . മുപ്പതോളം പേരെ കാണാതായി.  25 പേരെ രക്ഷപ്പെടുത്തി.  

ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് ഗോദാവരി നദിയിൽ ബോട്ടപകടം ഉണ്ടായത്.  52 വിനോദസഞ്ചാരികളും 11 ജീവനക്കാരുമാണ് റോയൽ വസിഷ്ഠ എന്ന ബോട്ടിൽ ഉണ്ടായിരുന്നത്. ഈസ്റ്റ് ഗോദാവരിയിലെ പ്രസിദ്ധമായ ഗണ്ടി പഞ്ചമ്മ ക്ഷേത്രത്തിൽ നിന്ന് പാപികുണ്ഡല മലനിരകളിലേക്കായിരുന്നു യാത്ര. കച്ചലൂരു എന്ന സ്ഥലത്തെത്തിയപ്പോൾ ബോട്ട് മറിയുകയായിരുന്നു.

ഇരുപതിൽ താഴെയാളുകള്‍ മാത്രമേ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുള്ളൂ എന്നാണ് വിവരം.  40 പേരെ മാത്രം കയറ്റാൻ ശേഷിയുള്ളതായിരുന്നു സ്വകാര്യ ഏജൻസിയുടെ ബോട്ട് എന്ന് പറയപ്പെടുന്നു.  കനത്ത മഴയെത്തുടർന്ന് ഡാമുകൾ തുറന്നതിനാൽ ഗോദാവരി നദി ദിവസങ്ങളായി കരകവിഞ്ഞു ഒഴുകുകയാണ്. ഏറെ നേരത്തേ തിരച്ചിലിനു ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദേശീയ ദുരന്ത നിവാരണ സേനക്കൊപ്പം നാവിക സേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

ഹൈദരാബാദ്, കാക്കിനട എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്.  സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായധനം നൽകും. ഗോദാവരി നദിയിലെ മുഴുവൻ ബോട്ട് സർവ്വീസും നിർത്തിവെക്കാനും  ഉത്തരവിട്ടിട്ടുണ്ട്. 

നദിയിൽ ഒഴുക്ക് ശക്തമായതിനെ തുടർന്ന് ടൂറിസം വകുപ്പ് ബോട്ട് സർവീസ് നിർത്തിയിരുന്നു. എന്നാൽ സ്വകാര്യ ഏജൻസികൾ ഇത് തുടർന്നു. സർവ്വീസിന് അനുമതി നൽകിയ കാര്യം അന്വേഷിക്കുമെന്ന് ടൂറിസം മന്ത്രി ശ്രീനിവാസ റാവു പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴ ഇടപാട്: പ്രതിരോധ മന്ത്രാലയത്തിലെ 2 ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ: 3 ലക്ഷം രൂപ പിടികൂടി
വെറും 187 ഒഴിവുകൾ, യോ​ഗ്യത അഞ്ചാം ക്ലാസ്, പരീക്ഷക്കെത്തിയത് 8000ത്തിലധികം പേർ, റൺവേയിലിരുന്ന് പരീക്ഷയെഴുതി ഉദ്യോ​ഗാർഥികൾ