ഗോവയിൽ പോയി തോന്നുംപോലെ വാഹനങ്ങൾ വാടകയ്ക്കെടുക്കാനാവില്ല, നിയന്ത്രണങ്ങളുമായി പൊലീസ്

Published : Mar 14, 2024, 11:29 AM ISTUpdated : Mar 14, 2024, 11:38 AM IST
ഗോവയിൽ പോയി തോന്നുംപോലെ വാഹനങ്ങൾ വാടകയ്ക്കെടുക്കാനാവില്ല, നിയന്ത്രണങ്ങളുമായി പൊലീസ്

Synopsis

തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

പനാജി: ഗോവയിൽ വിനോദസഞ്ചാരികൾ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിൽ നിയന്ത്രണവുമായി പൊലീസ്. വാഹനം വാടകയ്ക്ക് എടുക്കുന്നവർ റോഡ് സുരക്ഷയും ട്രാഫിക് മാനദണ്ഡങ്ങളും പാലിക്കുമെന്ന് വ്യക്തമാക്കുന്ന രേഖയിൽ ഒപ്പുവയ്ക്കാനും തിരിച്ചറിയൽ രേഖകൾ സമർപ്പിക്കാനും നിർദേശമുണ്ട്. തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

വടക്കൻ ഗോവയിലെ അൽഡോണയിൽ ഒഡീഷയിൽ നിന്നുള്ള വിനോദസഞ്ചാരികൾ വാടകയ്‌ക്കെടുത്ത് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചത് കഴിഞ്ഞ മാസമാണ്. ഇടിയുടെ ആഘാതത്തിൽ മണ്ഡോവി പാലത്തിൽ നിന്ന് താഴെവീണ ബൈക്ക് യാത്രക്കാരന്‍റെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷമാണ് ലഭിച്ചത്. ഈ സംഭവത്തിന് ശേഷം വാടകയ്ക്കെടുത്ത് ഓടിക്കുന്ന എല്ലാ വാഹനങ്ങൾക്കും സ്പീഡ് ഗവർണറുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. സ്പീഡ് ഗവർണറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രവർത്തന ക്ഷമമാണെന്നും ഉറപ്പാക്കാൻ  'റെന്‍റ്-എ-കാർ' വാഹനങ്ങൾ പരിശോധിക്കുന്നതിന് ഗതാഗത ഡയറക്ടർ നിർദേശം നൽകിയിരുന്നു.

മസിനഗുഡി വഴി പഴയതുപോലെ ഊട്ടിക്ക് പോകാനാവില്ല; ഊട്ടിയിലും കൊടൈക്കനാലിലും വാഹന നിയന്ത്രണം പരിഗണനയിൽ

ഗോവയിലെ റോഡപകടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ ആശങ്കാജനകമായ  പ്രവണത കണ്ടെന്ന് എസ്പി (ട്രാഫിക്) രാഹുൽ ഗുപ്ത പറഞ്ഞു. ഗോവയിലെ രജിസ്റ്റർ ചെയ്ത മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് റെന്‍റ് എ ബൈക്ക്, റെന്‍റ് എ കാബ് വാഹനങ്ങളാണ് കൂടുതൽ അപകടത്തില്‍പ്പെടുന്നതെന്ന് എസ്പി ചൂണ്ടിക്കാട്ടി. വിനോദസഞ്ചാരികളുടെ അശ്രദ്ധയും ഗോവയിലെ റോഡുകള്‍, ഭൂപ്രകൃതി എന്നിവയെക്കുറിച്ചുള്ള പരിചയക്കുറവുമാണ് ഈ ഉയർന്ന അപകട നിരക്കിന് കാരണമെന്നും എസ്പി പറഞ്ഞു. റോഡ് സുരക്ഷാ ചട്ടങ്ങളെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുന്നതിനായാണ് സാക്ഷ്യപത്രത്തിൽ ഒപ്പിടീക്കുന്നതെന്ന് എസ്പി വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഗോവയിൽ വാഹനങ്ങൾ വാടകയ്‌ക്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒപ്പുവെക്കേണ്ട ഉടമ്പടിയിൽ 10 റോഡ് സുരക്ഷാ നിയമങ്ങളും നിയമലംഘനങ്ങൾക്കുള്ള നിയമപരമായ പിഴകളും രേഖപ്പെടുത്തിയിട്ടുണ്ട്. "ഞാൻ മദ്യപിച്ച് കാർ ഓടിക്കില്ല", "കാർ ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കില്ല" തുടങ്ങിയ പ്രതിജ്ഞകൾ ഇതിൽ ഉൾപ്പെടുന്നു. വാഹനം വാടകയ്‌ക്കെടുക്കുന്ന വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ്, ആധാർ നമ്പർ ഉൾപ്പെടെയുള്ള  വ്യക്തിവിവരങ്ങളും രേഖയിൽ ഉൾപ്പെടുത്തും. സാക്ഷ്യപത്രത്തിന്‍റെ രണ്ട് കോപ്പികളില്‍ ഒപ്പിടണം. ഒന്ന് വാഹനം വാടകയ്ക്ക് നൽകുന്നയാളും രണ്ടാമത്തേത് ഉപയോക്താവും സൂക്ഷിക്കണം. ഇത് കൃത്യമായി ചെയ്യുന്നുണ്ടോയെന്ന് ട്രാഫിക് പൊലീസ് പരിശോധിക്കുമെന്നും എസ്പി അറിയിച്ചു. 

ഗോവ പൊലീസിന്‍റെ ട്രാഫിക് സെല്ലിന്‍റെ കണക്കനുസരിച്ച്, 2023ൽ ഗോവയിൽ 2832 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 276 പേർ മരിച്ചു. 2022ൽ 3011 റോഡപകടങ്ങളാണ് ഉണ്ടായത്. 271 പേർ മരിച്ചു. 2021ൽ അപകടങ്ങളുടെ എണ്ണം 2849 ഉം മരണസംഖ്യ 226 ഉം ആയിരുന്നു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?