
ഊട്ടി: പോത്ത് കുറുകെ ചാടിയതോടെ ഊട്ടിയിലെ പൈതൃക ട്രെയിൻ (നീലഗിരി മൌണ്ടേൻ റെയില്‍വേ) പാളം തെറ്റി. മേട്ടുപ്പാളയത്ത് നിന്ന് 220 യാത്രക്കാരുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോത്ത് അപ്രതീക്ഷിതമായി ട്രാക്കിലേക്ക് ചാടിയപ്പോൾ ലോക്കോ പൈലറ്റ് പരിഭ്രാന്തനായെന്നാണ് നിഗമനം. ട്രെയിനിൽ ഇടിച്ച പോത്ത് ചത്തു.
ഊട്ടിയിലെത്തുന്നതിന് ഒരു കിലോമീറ്റർ മുന്‍പ് ഫേണ്‍ ഹില്ലിന് അരികെയാണ് സംഭവം നടന്നത്. ട്രെയിനിലിടിച്ച് കഴിഞ്ഞ് കുറച്ചുദൂരം വലിച്ചിഴക്കപ്പെട്ട ശേഷമാണ് പോത്ത് ചത്തത്. തുടർന്ന് യാത്രക്കാരെ ബസിൽ ഊട്ടിയിലെത്തിച്ചു. അറ്റകുറ്റപ്പണിക്കായി ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.
ഊട്ടിയിലേക്കുള്ള യാത്രയിലെ ആകർഷകങ്ങളിൽ ഒന്നാണ് ടോയ് ട്രെയിൻ. മേട്ടുപ്പാളയത്തു നിന്ന് രാവിലെ 7.10ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.30നാണ് ഊട്ടിയിലെത്തുക. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ ഒരുപോലെ ഈ ട്രെയിന്‍ യാത്ര ആസ്വദിക്കാറുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് 1899ൽ തുടങ്ങിയ ഈ മൌണ്ടേയിന്‍ റെയിൽവേ 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി. 108 വളവുകൾ, 16 തുരങ്കങ്ങൾ, 250 പാലങ്ങൾ എന്നിവയിലൂടെ ഈ ട്രെയിന്‍ കടന്നുപോകുന്നു, പർവതങ്ങളുടെയും വനങ്ങളുടെയും വെള്ളച്ചാട്ടങ്ങളുടെയും അതിമനോഹരമായ കാഴ്ചയാണ് ഈ യാത്ര സമ്മാനിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam