
ആഗ്ര: മോട്ടോർ സൈക്കിളിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ട്രാക്ടർ ഡ്രൈവറെ മർദ്ദിച്ച് കൊന്ന് യുവാക്കൾ. ഉത്തർ പ്രദേശിലെ മുസാഫർനഗറിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. 25 വയസ് മാത്രമുള്ള യുവാവാണ് കൊല്ലപ്പെട്ടത്. ദിയോബന്ദിലെ പഞ്ചസാര മില്ലിലെ ജീവനക്കാരനും സൈദ്കാളൻ സ്വദേശിയുമായ നവീൻ കുമാറാണ് കൊല്ലപ്പെട്ടത്. വയലിൽ നിന്നുള്ള കരിമ്പ് പഞ്ചസാര മില്ലിൽ എത്തിച്ച് മടങ്ങുമ്പോഴാണ് സംഭവം.
നഗർ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ അഖ്ലോറിൽ വച്ചാണ് ബൈക്കിലെത്തിയ യുവാക്കൾ നവീൻ കുമാറിനെ തടഞ്ഞത്. ഇരു കൂട്ടരും തമ്മിൽ സൈഡ് നൽകുന്നതിനേ ചൊല്ലി തർക്കമുണ്ടായി. തർക്കമായതിന് പിന്നാലെ ബൈക്കിലെത്തിയ യുവാക്കൾ ഇവരുടെ സുഹൃത്തുക്കളേ കൂടി സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ യുവാക്കൾ ട്രാക്ടർ ഓടിച്ചിരുന്ന യുവാവിനെ ആക്രമിച്ച് അവശനാക്കിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. വഴിയാത്രക്കാർ നൽകിയ വിവരം അനുസരിച്ച് സംഭവ സ്ഥലത്ത് എത്തിയ പൊലീസുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിൽ കൊലപാതകത്തിന് കേസ് എടുത്തതായി പൊലീസ് വിശദമാക്കി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം യുവാവിന്റെ ബന്ധുക്കൾക്ക് നൽകുമെന്ന് പൊലീസ് വിശദമാക്കി. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന്എസ്പി പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കി. 35കാരനായ സഹ്ദേവ് സിംഗ് എന്നയാളെ സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സഹോദരനായ ജയ് കുമാർ ഒളിവിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam