കരിഞ്ചന്തയില്‍ ഇരട്ടിവിലയ്ക്ക് വില്‍പ്പന: മൂന്നര ലക്ഷത്തിന്‍റെ ട്രെയിന്‍ ടിക്കറ്റുകള്‍ പിടിച്ചെടുത്തു

By Web TeamFirst Published Jan 31, 2020, 12:38 AM IST
Highlights

കരിഞ്ചന്തയില്‍ ഇരട്ടിവിലയ്ക്ക് വില്‍പ്പന നടത്താനിരുന്ന മൂന്നരലക്ഷം രൂപയുടെ ട്രെയിന്‍ ടിക്കറ്റുകള്‍ പിടിച്ചെടുത്തു. 

ചെന്നൈ: കരിഞ്ചന്തയില്‍ ഇരട്ടിവിലയ്ക്ക് വില്‍പ്പന നടത്താനിരുന്ന മൂന്നരലക്ഷം രൂപയുടെ ട്രെയിന്‍ ടിക്കറ്റുകള്‍ പിടിച്ചെടുത്തു. ചെന്നൈയിലെ സ്വകാര്യ ബുക്കിങ്ങ് ഏജന്‍സികള്‍ കേന്ദ്രീകരിച്ചായിരുന്നു ആര്‍പിഎഫ് റെയ്ഡ്. പതിനഞ്ച് ലക്ഷത്തോളം രൂപയുടെ ഓണ്‍ലൈന്‍ ടിക്കറ്റുകളാണ് ഇക്കാലയളവില്‍ ആര്‍പിഎഫ് പിടിച്ചെടുത്തത്.

വ്യാജ യൂസര്‍ ഐഡികളിലൂടെയാണ് ട്രെയിന്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നത്. ചെന്നൈയിലെ കൃഷ്ണ ഏജന്‍സി, സൂര്യ ചിദംബരം ഏജന്‍സികളിലായിരുന്നു റെയ്ഡ്. ഇരുന്നൂറോളം ടിക്കറ്റുകളാണ് റെയ്ഡില്‍ കണ്ടെത്തിയത്. നൂറിലധികം യൂസര്‍ ഐഡികള്‍ വ്യാജമെന്ന് തിരിച്ചറിഞ്ഞു. മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്ത ശേഷം, പിന്നീട് ഇരട്ടി വിലയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. 

ടിക്കറ്റ് ബുക്കിങ്ങിനായി ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകള്‍, ടാമ്പ്, മൊബൈല്‍ ഫോണ്‍, തുടങ്ങിയവ ആര്‍പിഎഫ് പിടിച്ചെടുത്തു. പൊങ്കല്‍ ഉള്‍പ്പടെയുള്ള ആഘോഷസമയങ്ങളില്‍ ലക്ഷകണക്കിന് രൂപയുടെ ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയതിന്‍റെ രേഖകളും പിടിച്ചെടുത്തു. ഇരുപത് ഏജന്‍റുമാരെ ഇതുവരെ അറസ്റ്റ് ചെയ്തു.റെയില്‍വേ ഇ ടിക്കറ്റ് ബ്ലാക്ക് മാര്‍ക്കറ്റിംഗ് തടയാന്‍ പരിശോധന ശക്തമാക്കുകയാണ് ആര്‍പിഎഫ്. 

click me!